സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്ത വിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണെന്നും പിണറായി വിജയന് പറഞ്ഞു.
നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവര്‍ക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂര്‍വം പേര്‍ക്കാണ്. ആ അത്യപൂര്‍വം പേരില്‍പ്പെടുന്നു കെ ആര് ഗൗരിയമ്മ. ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.
അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാര്‍ഗനിര്‍ദേശം നല്കാന് കഴിഞ്ഞ മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാന്‍. വിദ്യാര്‍ത്ഥി ജീവിതഘട്ടത്തില്‍ തന്നെ കര്‍മരംഗത്തേക്കും സമരരംഗത്തേയ്ക്കുമിറങ്ങി. നൂറുവയസ്സു പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ടായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയിലൂടെ നമുക്ക് നഷ്ടമാകുന്നത്. ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സര് സി പിയുടെ കാലത്തേ പൊലീസിന്റെ ഭേദ്യം അനുഭവിക്കേണ്ടി വന്നിട്ടുള്ള അവര്‍ക്ക്, സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസില്‍നിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനില്‍പ്പിന്റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകള്‍ പോലും മലയാളത്തില്‍ അവരെക്കുറിച്ചുണ്ടായി.
അത്യപൂര്‍വം സ്ത്രീകള്‍ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കില്‍ ഔദ്യോഗിക തലത്തില്‍ തിളക്കമാര്‍ന്ന തലങ്ങളിലേക്കു വളര്‍ന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. ആ വഴിയല്ല, തന്റെ വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ത്യാഗപൂര്‍വമായി ജീവിച്ചു.
പി കൃഷ്ണപിള്ള, ഇഎംഎസ്, എകെജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഗൗരിയമ്മയ്ക്ക്. ആ നിലയ്ക്കു കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവനയാണ് അവര്‍ക്കൊപ്പം നിന്നു ഗൗരിയമ്മ നല്‍കിയത്.
അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയില്‍ ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തികുഞ്ഞുങ്ങളെ പ്രസവിച്ചേനെ; ഗൗരിയമ്മയെ ഓര്‍ത്തെടുത്ത് കെകെ ശൈലജ:
കെആര്‍ ഗൗരിയമ്മയെ അനുശോചിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. കെ ആര് ഗൗരിയമ്മ കരുത്തിന്റെ പ്രതീകമായിരുന്നുവെന്നും ആധുനിക കേരളത്തിലെ സൃഷ്ടിക്ക് ഗൗരിയമ്മ നല്കിയ പിന്തുണ വലുതാണെന്നും കെകെ ശൈലജ പറഞ്ഞു. കെ ആര് ഗൗരിയമ്മ പറഞ്ഞ ‘ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തികുഞ്ഞുങ്ങളെ പ്രസവിച്ചേനെ’ എന്ന വാചകം ഓര്‍ത്തെടുത്തായിരുന്നു ശൈലജയുടെ അനുശോചനം.
കരുത്തിന്റെ പ്രതീകമാണ് കെആര്‍ ഗൗരിയമ്മ. അവരുടെ നിശ്ചയ ദാര്‍ഢ്യം നമുക്ക് പകര്‍ത്താവുന്നതിലും അപ്പുറത്താണ്. പുറമേ പരുക്കനാണെന്ന് തോന്നുമെങ്കിലും നിറയെ സ്നേഹമുണ്ടായിരുന്നു. അമ്മയുടെ അമ്മ പ്രാദേശിക തല പ്രവര്‍ത്തകയായിരുന്നു. വലിയ പ്രചോദനമായിരുന്നു അവര്‍ക്ക് ഗൗരിയമ്മ. അക്കാലത്ത് കേട്ട ഒരു വാചകമാണ് ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തികുഞ്ഞുങ്ങളെ പ്രസവിച്ചേനെ എന്നത്. ഉള്ളില്‍ പൊതിഞ്ഞുവെച്ച ഭീകരമായ അനുഭവം എത്രയൊ ആളുകളുടെ ഉള്ളില്‍ പൊതിഞ്ഞുവെക്കും വിധി അവര്‍ പ്രതിഫലിപ്പിച്ചു. ചിലപ്പോള്‍ ഭാവിയില്‍ അവര്‍ക്ക് അമ്മയാകാതിരിക്കാന്‍ കഴിയാത്തതും ആക്രമണത്തിന്റെ ഭീകരതയിലാണ്. ഈ സമൂഹത്തിന് വേണ്ടി എല്ലാവരുടേയും അമ്മയായി വളര്‍ന്നുവരാന്‍ സാധിച്ചു. ഭീകരതയുടെ അനുഭവം പേറി ധീരമായി അവര്‍ ജീവിച്ചു. ധീരയാണ്. അതിന് പകരമായി ഒന്നുമില്ല.’ കെകെ ശൈലജ പറഞ്ഞു.
വിപ്ലവപ്രസ്ഥാനത്തിന്റെ രക്തനക്ഷത്രമാണ് വിടവാങ്ങിയത്; ഗൗരിയമ്മയെ അനുസ്മരിച്ച് കോടിയേരി:
കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ രക്തനക്ഷത്രമാണ് വിടവാങ്ങിയതെന്ന് കെആര്‍ ഗൗരിയമ്മയെ അനുസ്മരിച്ച് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. ഗൗരിയമ്മക്ക് സമം ഗൗരിയമ്മ മാത്രമാണെന്നും ജീവിതം ഒരു പാഠമാക്കാമെന്നും കോടിയേരി പറഞ്ഞു.
‘കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ രക്തനക്ഷത്രമാണ്. ഗൗരിയമ്മക്ക് സമം ഗൗരിയമ്മ മാത്രമാണെന്നാണ് കേരള രാഷ്ട്രീയത്തിലെ അനുഭവം. ത്യാഗ പൂര്‍ണമായ ജീവിതം നയിച്ച് പാര്‍ട്ടിയെ മുന്നോട്ട് പോയ നിലപാടായിരുന്നു ഗൗരിയമ്മയുടേത്. ജിവിതത്തില്‍ പ്രസിസന്ധികളില്‍ തളരാതെ ഇവര്‍ മുന്നോട്ട് പോയി, ജീവിതം പാഠമാക്കാം. ഏറ്റവും നല്ല നിയമസഭാ സൗമാജിക, ഏറ്റവും മികച്ച ഭരണാധാകാരി. പ്രതിപക്ഷ ഉപനേതാവ് എന്നീ സന്ദര്‍ഭങ്ങളെല്ലാം അവര്‍ ഒരു പോരാളിയായിരുന്നു. പാര്‍ട്ടിക്കകത്തും അവര്‍ ഒരു പോരാളിയായിരുന്നു. പ്രശ്നങ്ങള്‍ വെട്ടിതുറന്ന് പറയും. ഒന്നിലും വിട്ടുവീഴ്ച്ചയുണ്ടായിരുന്നില്ല. ഈ സമീപനമാണ് മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായത്. ഒടുവില്‍ അവര്‍ സിപിഐഎമ്മിനൊപ്പം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.’ കോടിയേരി പറഞ്ഞു.
ജാതി, ലിംഗ വിവേചനങ്ങളെ നേരിട്ട പോരാളി’; ഗൗരിയമ്മയെ അനുസ്മരിച്ച് പി ശ്രീരാമകൃഷ്ണന്:
കേരളത്തില്‍ മാറ്റത്തിന്റെ പാതയൊരുക്കാന്‍ കനല് വഴികള്‍ താണ്ടിയ ധീരവനിതയാണ് കെആര്‍ ഗൗരിയമ്മയെന്ന് പി ശ്രീരാമകൃഷ്ണന്. ഗൗരിയമ്മയുടെ നൂറാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നിയമസഭ ഗൗരിയമ്മയ്ക്ക് ആദരമര്‍പ്പിക്കുമ്പോള്‍ സ്പീക്കറായിരിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് ശ്രീരാമകൃഷ്ണന് പറഞ്ഞു. നിയമ ബിരുദം നേടിയ ആദ്യകാല സ്ത്രീകളില്‍ ഒരാള്‍, വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയ ജാഗ്രത കൊണ്ടും ജാതീയമായും ലിംഗപരമായുമുണ്ടായ വിവേചനങ്ങളെ നേരിട്ട പോരാളി,തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ പെണ് പെരുമയായി മാറിയ കമ്മ്യൂണിസ്റ്റുകാരി എന്നിങ്ങനെയെല്ലാം ചരിത്രം രചിച്ച ഗൗരിയമ്മയ്ക്ക് ജീവിതം തന്നെ സമരമായിരുന്നുവെന്നും ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
കാര്‍ഷിക പരിഷ്കരണത്തിന്റെ ഒന്നാമത്തെ അവകാശി; ഗൗരിയമ്മയെ ദുഃഖിപ്പിച്ച രണ്ട് കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് എകെ ആന്റണി:
കേരളത്തിലെ ഇതിഹാസ നായികയാണ് കെആര്‍ ഗൗരിയമ്മയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇത്തരത്തില്‍ വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണെന്നും തന്റെ മന്ത്രിസഭയില്‍ കെ ആര് ഗൗരിയമ്മ മന്ത്രിയായിരുന്നുവെന്നത് ബഹുമതിയായി കാണുന്നുവെന്നും എകെ ആന്റണി പറഞ്ഞു. ജീവിതത്തില്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ച രണ്ട് കാര്യങ്ങള്‍ എകെ ആന്റണി ഒര്‍ത്തെടുത്തു.
ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയിച്ച് കല്യാണം കഴിച്ച ടിവി തോമസുമായിട്ടുള്ള ബന്ധത്തിലെ വിള്ളലായിരുന്നു. അത് അവസാന കാലം വരെ ഗൗരിയമ്മ പറയുമായിരുന്നു. അവസാനകാലം വരെ ഇഷ്ടവും സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ടിവി തോമസിനോടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി അവരെ മുഖ്യമന്ത്രിയാക്കാത്തതും കെആര്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ചു.’ എകെ ആന്റണി പറഞ്ഞു.
വാക്കുകള്‍ മരവിച്ചുപോകുന്നു, വാത്സല്യം ചൊരിഞ്ഞ അമ്മയെയാണ് എനിക്ക് നഷ്ടമായത്’; ഗൗരിയമ്മയുടെ മരണത്തില്‍ എഎം ആരിഫ്:
കെആര്‍ ഗൗരിയമ്മയുടെ മരണത്തില്‍ അനുസ്മരണം അറിയിച്ച് എഎം ആരിഫ് എംപി. പോരാട്ടത്തിന്റെ ചരിത്ര ജീവിതത്തിനാണ് തിരശ്ശീല വീണതെന്നും അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും ആരിഫ് പറഞ്ഞു.
2006ല്‍ കൃഷി മന്ത്രിയായിരുന്ന കെ. ആര്. ഗൗരിയമ്മയെ 4650 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടാണ് ആരിഫ് നിയമസഭയിലെത്തുന്നത്. വ്യക്തിപരമായി ജീവിതത്തിലുടനീളം പുത്രനിര്‍വ്വിശേഷമായ വാത്സല്യം ചൊരിഞ്ഞ അമ്മയെയാണ് തനിക്ക് നഷ്ടമായതെന്ന് ആരിഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


