തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന് അധികാരമേറ്റു. കോവിഡ് പശ്ചാതലത്തില്‍ ചെന്നൈ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം 33 അംഗ കാബിനറ്റും സത്യപ്രതിജ്ഞ ചെയ്തു.
അറുപത്തൊമ്പതുകാരനായ എം.കെ സ്റ്റാലിന് മുഖ്യമന്ത്രി കസേരയിലിത് കന്നി അവസരമാണ്. തമിഴ്നാട് മുഖ്യമന്ത്രി കസേരയില്‍ എത്തുന്ന ഏറ്റവും പ്രായംകൂടിയ അരങ്ങേറ്റക്കാരനാണ് സ്റ്റാലിന്. രണ്ട് തവണ ചെന്നൈ മേയറായും, ഏഴ് തവണ എം.എല്‍.എയായും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പദവിക്ക് പുറമെ, തമിഴ്നാട് ആഭ്യന്തര വകുപ്പും സ്റ്റാലിനാണ്. യുവാക്കള്‍ക്കും, പരിചയ സമ്പന്നര്‍ക്കും തുല്യ പങ്കാളിത്തമുള്ള സ്റ്റാലിന് മന്ത്രിസഭയില്‍ രണ്ട് വനിതകളാണുള്ളത്. 19 മുന്‍മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിലുള്ളത്. മകന് ഉദയാനിധി എം.എല്‍എയെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തില്ല.
234 അംഗ നിയമസഭയില്‍ 159 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ സഖ്യം അധികാരത്തില്‍ എത്തിയത്. ഭരണത്തിലുണ്ടായിരുന്ന എ.ഐ.ഡി.എം.കെ – ബി.ജെ.പി സഖ്യത്തിന് 75 സീറ്റുകളാണ് നേടാനായത്.
ഭാര്യ ദുര്‍ഗ സ്റ്റാലിന്, ചെന്നൈ ചെപ്പോക്കില്‍ നിന്നും എം.എല്‍.എയായി അരങ്ങേറ്റം കുറിച്ച മകന് ഉദയാനിധി സ്റ്റാലിന്, സഹോദരിയും ലോക്സഭ എം.പിയുമായ കനിമൊഴി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.