മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെയും രഹസ്യ ഇടപാടുകളുടെയും സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി. ജലീലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. അതിനാലാണ് മറ്റ് മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും കിട്ടാത്ത പ്രിവിലേജ് ജലീലിന് കിട്ടുന്നത്. മുഖ്യമന്ത്രിയുടെ എന്തെങ്കിലും ഇടപാടുകളില്‍ ജലീല്‍ കൂട്ടു കക്ഷിയായതിനാലാണ് ഈ പ്രിവിലേജ് ലഭിക്കുന്നത്. ലോകായുക്ത പറഞ്ഞിട്ടും മുഖ്യമന്ത്രി ജലീലിനെ പുറത്താക്കാത്തതും അക്കാരണത്താലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ലോകായുക്ത നടപടിയെ നിയമപരമായി നേരിടുമെന്ന കെ.ടി. ജലീലിന്റെ വെല്ലുവിളി മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും വി. മുരളീധരന് പറഞ്ഞു. നിയമ മന്ത്രി എ.കെ. ബാലന്റേതും കെ.ടി.ജലീലിന്റെതും അപഹാസ്യമായ നിലപാടാണ്. ജലീലിന്റെ രാജി ആവശ്യപ്പെടേണ്ട മുഖ്യമന്ത്രി അതിന് പകരം എ.കെ. ബാലനെ കൊണ്ട് ന്യായീകരിച്ചത് അപഹാസ്യം. മുഖ്യമന്ത്രി പങ്കാളിയായിട്ടുള്ള ഇടപാടുകളില്‍ ജലീല്‍ കൂട്ടുകക്ഷി ആയത് കൊണ്ടാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും അതല്ലെങ്കില്‍ സിപിഐഎം മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത് പോലെ ജലീലിന്റെയും രാജി ആവശ്യപ്പെടണമെന്നും വി. മുരളീധരന് പറഞ്ഞു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നല്‍കുന്നത്. അങ്ങേയറ്റം ഗുരുതരമായ കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട ശേഷമാണ് ലോകായുക്തയുടെ ഉത്തരവ്. എന്നാല്‍ ജലീലിന്റെ രാജി ചോദിച്ചുവാങ്ങാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ജനാധിപത്യത്തെയും കേരള ജനതയെയും പരിഹസിക്കുകയാണ്. പിണറായി വിജയന് എന്തിനാണ് കെ.ടി. ജലീലിനെ പേടിക്കുന്നതെന്നും മുരളീധരന് ചോദിച്ചു.
പാതി രാത്രിയില്‍ തലയില്‍ മുണ്ടുമിട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്നിലെത്തി എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയമായപ്പോഴും മുഖ്യമന്ത്രി ജലീലിന് പിന്തുണയുമായെത്തി. ഖുര്‍ ആന്‍ വിതരണത്തില്‍ ഒരു അപാകതയുമില്ലെന്ന് മുഖ്യമന്ത്രി ആദ്യമേ പറഞ്ഞു വച്ചു. ഇഡി ചോദ്യം ചെയ്തതിന്റെ പേരിലും ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.പി. ജയരാജന്റെയോ ശശീന്ദ്രന്റെയോ തോമസ് ചാണ്ടിയുടെയോ കാര്യത്തില്‍ ഇല്ലാത്ത ആവേശമായിരുന്നു ജലീലിന്റെ കാര്യത്തില്‍ പിണറായിക്ക്.
കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് എന്താണ് വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റുമായി ഇത്രമാത്രം ഇടപാടുകള്‍ എന്ന് മുഖ്യമന്ത്രി ഒരിക്കലും ചോദിച്ചിട്ടില്ല. സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ ചട്ടവിരുദ്ധമായി പങ്കെടുക്കുകയും ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്തപ്പോഴും ജലീലിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. മലയാളം സര്‍വകലാശാല ഭൂമി വിവാദത്തില്‍ മുഖ്യമന്ത്രി തന്നെയാണ് കെ.ടി. ജലീലിനെ സംരക്ഷിച്ചത്. ന്യൂനപക്ഷ സ്കോളര്‍ഷിപ് വിവാദത്തില്‍ ക്രൈസ്തവ സഭകളുടെ ആശങ്കകളെ പുച്ഛിച്ചു തള്ളിയ ജലീല്‍ അവരെ അപമാനിച്ചപ്പോഴും മുഖ്യമന്ത്രി ജലീലിനൊപ്പം നിന്നെന്നും വി. മുരളീധരന് ചൂണ്ടിക്കാട്ടി.
അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ലോകായുക്തയെ അംഗീകരിക്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.


