സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളില്‍ കോവിഡ് ജാഗ്രത കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ചയോളമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകള്‍ ഉയരാന്‍ പ്രധാന കാരണം. വിഷുവും പരീക്ഷകള്‍ ആരംഭിച്ചതും കാരണം വരും ദിവസളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
മാസ്ക്, സാമൂഹിക അകലം തുടങ്ങി നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കും. നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. നടപടിയെടുക്കാന്‍ സെക്ടറല്‍ മസിട്രേറ്റുമാരെയും നിയമിക്കും. ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ ഒരാഴ്ച്ച ക്വാറന്റൈന് കര്‍ശനമായി പാലിക്കണം. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടവര്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തണം. പരീക്ഷാ ഹാളുകളിലും കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. വാക്സിനേഷന് ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


