ബി.ജെ.പി എം.എല്‍.എയ്ക്ക് നേരെ ഒരു സംഘം കര്‍ഷകരുടെ കയ്യേറ്റം. എം.എല്‍.എയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും കറുത്ത മഷി കുടയുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പഞ്ചാബിലെ മുക്തര്‍ ജില്ലയിലെ മാലൗട്ടില്‍ ശനിയാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ബി.ജെ.പിയുടെ അബോഹര്‍ എം.എല്‍. എ അരുണ്‍ നാരംഗിനും മറ്റ് പ്രാദേശിക നേതാക്കള്‍ക്കും നേരെ ആയിരുന്നു അതിക്രമം ഉണ്ടായത്. പ്രദേശത്ത് വാര്‍ത്താ സമ്മേളനം നടത്താന്‍ എത്തിയപ്പോഴാണ് എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റത്.
അരുണ്‍ നാരംഗ് വരുന്നതും കാത്ത് ഒരു സംഘം കര്‍ഷകര്‍ പ്രദേശത്തെ ബി.ജെ.പി ഓഫീസിന് മുന്നില്‍ കാത്ത് നില്‍ക്കുകയായിരുന്നു. അദ്ദേഹം വന്ന ഉടനെ കറുത്ത മഷി കുടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
ഉടനെ പൊലീസ് ഇടപെട്ട് എം.എല്‍.എയേയും സംഘത്തേയും ഒരു കടയിലേക്ക് കൊണ്ടുപോയി. എന്നാല്‍ കടയില്‍ നിന്ന് ഇറങ്ങിയ എം.എല്‍.എയെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. തുടര്‍ന്ന് എം.എല്‍.എയെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് പൊലീസ് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
സംഭവത്തില്‍ ശിരോമണി അകലിദളും ബി.ജെ.പിയും പഞ്ചാബിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസും അപലപിച്ചു. ഇത്തരം പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അച്ചടക്കത്തോടെയും സമാധാനപരമായും തുടരാന്‍ എല്ലാ പ്രതിഷേധക്കാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച (എസ്കെഎം) നേതാവ് ദര്ശന് പാല് പറഞ്ഞു.


