സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ദേശീയ ശരാശരിയെക്കാള്‍ ആറിരട്ടിയാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലിരിക്കുന്നവരുടെ എണ്ണവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.
സംസ്ഥാനത്ത് ഒന്നരമാസത്തിന് ശേഷം ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിന് മുകളിലെത്തി. 100 പേരെ പരിശോധിക്കുമ്പോള്‍ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമാണ്. എന്നാല്‍ ദേശീയ ശരാശരി 2ശതമാനം മാത്രം. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കേസുകള്‍ ആറായിരത്തിന് മുകളിലാണ്. ചികിത്സയിലിരിക്കുന്നവരുടെ 72,891 പേര്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലിരിക്കുന്നവരുടെ എണ്ണവും കൂടുതലുള്ളതും കേരളത്തില്‍ തന്നെ. എറണാകുളം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാണ്.
കോഴിക്കോട്, കോട്ടയം ജില്ലകളിലും രോഗവ്യാപനം ഉയരുന്നുണ്ട്. അതേസമയം രോഗവ്യാപനം വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.


