കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബ് ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. 20 ലധികം പ്രതിപക്ഷ പാര്‍ട്ടികളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ബന്ദില്‍നിന്ന് ഒഴിവാക്കി.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ 13 ദിവസമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഭാരത് ബന്ദ്. 20 ലധികം രാഷ്ട്രീയ പാര്‍ട്ടികളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് യൂണിയനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം ശക്തമായ പഞ്ചാബില്‍ ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിക്കും. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളില്‍ 3 മണി വരെ കര്‍ഷകര്‍ റോഡ് ഉപരോധിക്കും. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ വഴി തടയും. ഡല്‍ഹിയില്‍ 11 മണി മുതല്‍ 3 മണി വരെയാണ് റോഡുകള്‍ ഉപരോധിക്കുന്നത്. നഗരങ്ങളില്‍ ഉള്ളവര്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കടകള്‍ അടക്കുകയും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഇരിക്കണമെന്ന് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിര്‍ബന്ധിച്ച് അടക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യ സര്‍വ്വീസുകള്‍, ആശുപത്രി ആവശ്യങ്ങള്‍, വിവാഹസംഘങ്ങളെയെല്ലാം ഉപരോധത്തില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര സര്‍ക്കാരുമായി നാളെ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.


