സിപിഎം വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണയില്‍ ആശയകുഴപ്പം ഉണ്ടാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയത മുതലെടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ട്. മുസ്ലിം സംഘടനകളുടെ സഹായം തേടാന്‍ സ്വതന്ത്ര ചിഹ്നത്തില്‍ സിപിഎം മത്സരിക്കുന്നതെന്നും എംഎം ഹസന് പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിയെ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചുവെന്ന ആരോപണം സി എം രവീന്ദ്രന് നേരെ ഉയര്‍ന്നു. മുഖ്യമന്ത്രി മുതല്‍ ഏരിയ സെക്രട്ടറി വരെ ഉള്ളവര്‍ അഴിമതി ആരോപണം നേരിടുന്നു. വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള ധാരണയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇനി അതില്‍ മറുപടി പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം കെ സി വേണുഗോപാലിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി. പ്രതിപക്ഷത്തിന്റെ വിലയിരുത്തലല്ല ഈ തദ്ദേശ തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരായ കള്ളക്കേസുകള്‍ നിലനില്‍ക്കില്ല. നടക്കുന്നത് പ്രതികാര രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ രാജിക്കായി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.