സഭാത്തര്‍ക്കത്തില്‍ സമരം കടുപ്പിച്ച് യാക്കോബായ സഭ. കോടതിവിധി പ്രകാരം സര്‍ക്കാരേറ്റെടുത്ത് ഓര്‍ത്തോഡോക്സ് സഭയ്ക്ക് കൈമാറിയ 52 പള്ളികള്‍ക്ക് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. സര്‍ക്കാരിന്റെ മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ രംഗത്തെത്തിയത്.
വിശ്വാസികള്‍ പള്ളികളില്‍ പ്രവേശിക്കുന്നത് തടയില്ലെന്ന് ഓര്‍ത്തഡോക്സ് സഭ ആവര്‍ത്തിച്ചു. സുപ്രീംകോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്നാണാവശ്യം. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ 52 പളളികളിലുമാണ് അനിശ്ചിതകാല സമരം. അടുത്ത ഞായറാഴ്ച ആരാധനയ്ക്കായി പള്ളികളില്‍ പ്രവേശിക്കും.
സുപ്രീംകോടതി വിധി എല്ലാവര്ക്കും ബാധകമാണെന്നും എന്നാല്‍ വിശ്വാസികള്‍ പള്ളികളില്‍ പ്രവേശിക്കുന്നത് തടയില്ലെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. ഈ മാസം പതിനഞ്ച് മുതല്‍ സംസ്ഥാനത്തുടനീളം യാക്കോബായ സഭ അവകാശ സംരക്ഷണയാത്ര യാത്ര നടത്തും.