ഇനി ചര്‍ച്ചയ്ക്കില്ലെന്ന അന്തിമ നിലപാടില്‍ കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരുമായുള്ള യോഗത്തിനിടെയാണ് നിലപാട് കടുപ്പിച്ച് കര്‍ഷകര്‍ രംഗത്തെത്തിയത്. കൃത്യമായ മറുപടി നല്‍കണം, ചര്‍ച്ച അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്നും അവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ അറിയിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രേഖാമൂലം നല്‍കണമെന്നും ഇവര്‍ ആവശ്യം ഉയര്‍ത്തി.
സമരം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി എന്ന വാര്‍ത്തകള്‍ക്കിടെയാണ് കര്‍ഷകര്‍ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. ചര്‍ച്ചയില്‍ കരാര്‍ കൃഷിയിലെ തര്ക്കങ്ങളിള് കോടതിയെ സമീപിക്കാനുള്ള നിയമഭേദഗതി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കും എന്നായിരുന്നു വിവരം. താങ്ങുവില സംബന്ധിച്ചുള്ള ഉറപ്പുകളും എഴുതി നല്‍കാനും നീക്കം. വൈദ്യുതി ഭേദഗതി ബില്ലിലെ ആശങ്കകളും പരിഹരിച്ചേക്കും.
എന്നാല്‍ മൂന്നുനിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഇതിനിടെ, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് കൂടുതല്‍ പിന്തുണയേറുകയാണ്. ചര്‍ച്ച പൊളിഞ്ഞാല്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് രാജസ്ഥാനിലെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധങ്ങളാണ് ഇന്ന് നടക്കുന്നത്.


