പെരുമ്പാവൂര്‍: പെരിയാര്‍ വാലി കനാലുകളില്‍ ജലവിതരണം ഡിസംബര്‍ മുതല്‍ ആരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഇതിന് മുന്‍പ് തന്നെ കനാലുകളിലെ 6.15 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ജലവിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തികരിക്കുന്നത്. വാര്‍ഷിക അറ്റകുറ്റപ്പണി, നവീകരണം, ഹെഡ് വര്‍ക്ക്സ് ഉള്‍പ്പെടെ ഒന്നാം ഘട്ടമായി അനുവദിച്ച 47 പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
രണ്ടാം ഘട്ടത്തില്‍ അനുമതി ലഭിച്ച 30 പ്രവൃത്തികള്‍ക്ക് പഞ്ചായത്ത് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തികരിക്കുവാന്‍ സാധിച്ചിട്ടില്ല. ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമായിട്ടുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിച്ചാല്‍ മാത്രമേ കനാലിലൂടെയുള്ള ജലവിതരണം ശരിയായ രീതിയില്‍ നടക്കുകയുള്ളൂ. ഡിസംബര്‍ മാസത്തില്‍ ശുചികരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു ജലവിതരണം ആരംഭിച്ചാല്‍ മാത്രമേ കനാലിന്റെ അവസാന ഭാഗത്ത് ജലം എത്തിക്കുവാന്‍ സാധിക്കും. ശുചികരണം നടത്താതെ കനാല്‍ തുറക്കുന്നത് വെള്ളം കെട്ടി നിന്ന് ഒഴുക്ക് തടസ്സപ്പെടുകയും കനാല്‍ ബണ്ട് തകരുന്നതിനും കാരണമാവുകയും ചെയ്യും.
ജലവിതരണത്തിന് മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം മാത്രമാണ് പദ്ധതികള്‍ ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ വന്നാല്‍ ഈ വര്‍ഷത്തെ ജലവിതരണത്തെ അത് ബാധിക്കും. ഇതിന് പുറമെ പ്രളയത്തില്‍ തകര്‍ന്ന കനാലുകളുടെ പുനരുദ്ധാരണത്തിനായി ടെന്‍ഡര്‍ ചെയ്ത 3 പ്രവൃത്തികള്‍ക്ക് കൂടി അനുമതി നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.


