ഇടുക്കി നരിയാംപാറയില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കട്ടപ്പന പൊലീസാണ് കേസെടുത്തത്. കേസിലെ പ്രതി മനു മനോജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മനു മനോജിനൊപ്പമുളള ചിത്രങ്ങളാണ് പ്രചരിച്ചത്. മനുവിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സ്ഥാപിച്ച ഫ്ളക്സുകളിലും ഇരയുടെ പടം ചേര്‍ത്തിരുന്നു. ഫ്ളക്സ് സ്ഥാപിച്ചവര്‍ക്കെതിരേയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് റിമാന്‍ഡില്‍ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിയവെ മരിച്ചിരുന്നു.


