വിദേശത്തേയ്ക്ക് ആദ്യം ഡോളര്‍ കടത്തിയത് കോണ്‍സുല്‍ ജനറലും അറ്റാ ഷേയും ചേര്‍ന്നെന്ന് സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് എറണാകുളം എകണോമിക്ക് ഒഫന്‍സ് കോടതിയെ അറിയിച്ചു. ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയതിന് സ്വപ്നയ്ക്കും, സരിത്തിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഒമാനിലേയ്ക്കായിരുന്നു ഡോളര്‍ കടത്തിയത്. സ്വപ്നയും, സിരത്തും, ഖാലിദും ചേര്‍ന്നാണ് ഡോളര്‍ വിദേശത്തേയ്ക്ക് കൊണ്ട് പോയതെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. ഖാലിദിന്റെ ഹാന്റ് ബാഗിലാണ് ഡോളര്‍ ഒളിപ്പിച്ചത്. കോണ്‍സുലേറ്റിലെ എക്സ്റേ മെഷീനില്‍ ഡമ്മി പരിശോധന നടത്തിയിരുന്നു. ഡോളര്‍ വിമാനതാവളത്തില്‍ പിടികൂടുമോ എന്നറിയാനായിരുന്നു ഡമ്മി പരിശോധന. എല്ലാ ഡോളര്‍ കടത്തിലും വിമാന താവളത്തില്‍ സഹായം ചെയ്തത് സ്വപ്നയും, സരിത്തും ചേര്‍ന്നാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും നിരവധി തവണ വിദേശകറന്‍സി ഇതേമാര്‍ഗത്തില്‍ കടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്. ഈ അനധികൃത ഇടപാടിനെക്കുറിച്ച് യുഎഇ കോണ്‍സുലേറ്റിലെ പലര്‍ക്കും അറിയാമായിരുന്നു. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയാണ് ഇത്രയും വിദേശകറന്‍സി ഇവര്‍ സ്വരൂപിച്ചിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചത്.
അതേസമയം സിപിഎം കമ്മിറ്റി എന്ന പേരില്‍ സന്ദീപ് നായര്‍ ഉണ്ടാക്കിയ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചതെന്ന് സരിത് എന്ഫോഴ്സ്മെന്റിനോട് വെളിപ്പെടുത്തി. തന്നെയും കെ.ടി റമീസിനെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതും സന്ദീപ് നായരാണെന്നാണ് സരിതിന്റെ മൊഴി. അതിനിടെ മൊഴി ചോര്‍ന്നതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്വപ്നസുരേഷ് കോടതിയെ സമീപിക്കും.


