പെരുമ്പാവൂര്‍: പാതി വഴിയില്‍ നിര്‍മ്മാണം നിലച്ച പാറപ്പുറം വല്ലം കടവ് പാലം നിര്‍മ്മാണം ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഒക്ടോബര്‍ ക്വാര്‍ട്ടറിലെ ലോക്കല്‍ മാര്‍ക്കറ്റിങ് റേറ്റ് (എല്‍.എം.ആര് ) നിശ്ചയിച്ചു നല്കുവാന് പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്സ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്കി. പാലത്തിന്റെ ടെന്‍ഡര്‍ നടപടികളില്‍ ഉണ്ടായ അനിശ്ചിതത്വം നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയറുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയിരുന്നു.
9.63 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് രണ്ടാമത് ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ 10.50 കോടി രൂപയാണ് ഏറ്റവും കുറഞ്ഞ തുകയായി ടെന്‍ഡറില്‍ പങ്കെടുത്ത ഏജന്‍സി നല്‍കിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതിന് ശേഷം മാത്രമാണ് പദ്ധതി പുനരാരംഭിക്കുകയുള്ളൂ. ഇതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം എന്ന് എല്‍ദോസ് കുന്നപ്പിള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആകെയുള്ള 9 സ്പാനുകളില്‍ 3 എണ്ണത്തിന്റെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഇനി 6 സ്പാനുകളുടെ നിര്‍മ്മാണം ആണ് ബാക്കിയുള്ളത്. പാലത്തിന്റെ രണ്ട് വശങ്ങളില് അപ്രോച്ച് റോഡും പൂര്ത്തികരിക്കുവാനുണ്ട്. പെരുമ്പാവൂര്‍ ഭാഗത്ത് 230 മീറ്ററും പാറപ്പുറം ഭാഗത്ത് 80 മീറ്ററും അപ്രോച്ച് റോഡും നിര്‍മ്മിക്കും. കൂടാതെ ഒരു ബോക്സ് കലുങ്കും ഇതോടൊപ്പം നിര്‍മ്മിക്കും. നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയില്‍ 290 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മ്മിക്കുന്നത്.
സ്ഥലം ഏറ്റെടുത്തതിനുള്ള 80 ശതമാനം തുകയും നല്കി കഴിഞ്ഞു. പാലം പൂര്‍ത്തിയാകുന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂര്‍ ഫൊറോന പള്ളി എന്നിവിടങ്ങളിലേക്ക് ഗതാഗത കുരുക്കില്‍ പെടാതെ എത്താനാകും. കിഴക്കന്‍ ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് ഏകദേശം 8 കിലോമീറ്റര്‍ ലാഭിക്കാനാകും. പാറപ്പുറം, വെള്ളാരപ്പിള്ളി, കാഞ്ഞൂര്‍, തുറവുംകര, പുതിയേടം പ്രദേശങ്ങള്‍ക്ക് പെരുമ്പാവൂര്‍ പട്ടണത്തിലേക്ക് എളുപ്പത്തില്‍ എത്താനാകും. ശ്യാമ ഡൈനാമിറ്റ്സ് ആണ് നിര്‍മ്മാണ ചുമതല നിര്‍വഹിക്കുന്നത്.
പെരുമ്പാവൂര്‍ ആലുവ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലം പ്രദേശത്തേയും കാഞ്ഞൂര്‍ പഞ്ചായത്തിലെ പാറപ്പുറം പ്രദേശത്തേയും ബന്ധിപ്പിക്കുന്ന പെരിയാര്‍ നദിക്ക് കുറുകെയാണ് ഈ പാലം. 2017 ലാണ് പാലത്തിന് തുടക്കമിടുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കും എന്ന് കരാറുകാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മ്മാണം നിലക്കുകയായിരുന്നു. തുടര്‍ന്ന് പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ച ശേഷമാണ് നിര്‍മ്മാണം പുനരാരംഭിക്കുന്നത്.


