പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്കി. യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രി തല സമ്മേളനത്തില്‍ സ്മിതാ നായരെ പ്രോട്ടോക്കോള്‍ ലംഘിച്ച് പങ്കെടുപ്പിച്ചത് സംബന്ധിച്ചാണ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ അനുമതിയോടെയാണ് യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിത മേനോന് രംഗത്തെത്തിയിരുന്നു. അതേസമയം പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കേണ്ടത് താനാണോ എന്ന് പ്രതികരിച്ച മന്ത്രി അവര്‍ക്ക് മാത്രമല്ലല്ലോ അനുമതി എന്ന് പിന്നീട് തിരുത്തി. മന്ത്രിയും സ്മിത മേനോനും പറയുന്നത് പച്ചക്കള്ളമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരനായ ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍.
പിആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്ക് റിപ്പോര്‍ട്ടിംഗ് ചെയ്യാന്‍ അവസരം തരുമോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരനോട് ചോദിച്ചു. സമാപന ദിവസം വന്നോളാന്‍ പറഞ്ഞു. ഇതാണ് സ്മിത മേനോന്റെ നിലപാട്. പുതിയ ഭാരവാഹിപ്പട്ടികയില്‍ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സ്മിതാ മേനോന്. ഒരു വ്യക്തിക്ക് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വാക്കാല്‍ അനുമതി നല്കാന് മന്ത്രിമാര്‍ക്ക് അധികാരമില്ലെന്നും ഇവര്‍ക്ക് സ്റ്റേജിലിരിക്കാന്‍ അവസരം കൊടുത്തത് മുരളീധരനാണെന്നുമാണ് സലിം മടവൂര്‍ ആരോപിക്കുന്നത്.


