അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ വിജയ്. പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യു ട്യൂബ് ചാനല്‍ ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്. പൊലീസിന്റെ ആവശ്യം യു ട്യൂബ് ആദ്യം നിരസിച്ചിരുന്നു. വിജയിയെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു നീക്കം.
കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനു പിന്നാലെ കല്ലിയൂരിലെ വീട്ടില്‍ നിന്നാണു ഇയാളെ കസ്റ്റഡിയിലെടുത്തത്. കല്ലിയൂരിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കല്‍ നല്കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
ഇയാള്‍ക്കെതിരെ ആദ്യം നിസാര വകുപ്പുകളാണു മ്യൂസിയം പൊലീസ് ചുമത്തിയത്. എന്നാല്‍ വിഡിയോകളുടെ പേരില്‍ ഇയാളെ ലോഡ്ജ് മുറിയിലെത്തി കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളില്‍ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണു ഐടി നിയമ വകുപ്പുകളും ചുമത്തിയത്. 5 വര്‍ഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണിവ.
ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ്. പി. നായര്‍ക്കെതിരെ നടന്ന പ്രതിഷേധം വാര്‍ത്തയായിരുന്നു. ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനായിരുന്നു പ്രതിഷേധം. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നല്‍കുകയും ചെയ്തിരുന്നു.
വിജയ് പി.നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം ഉണ്ട്. തനിക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റാണ് ലഭിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. എന്നാല്‍ പിഎച്ച്ഡി ലഭിച്ചുവെന്നു പറയുന്ന തമിഴ്നാട്ടിലെ സര്‍വകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്.