ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണന്. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൂര്‍ത്തിയാക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, നംവബര്‍ ഏഴ് എന്നിങ്ങനെ മൂന്ന് ദിവസമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും.
കോവിഡ് പ്രതിസന്ധിക്കിടയിലും പൗരന്റെ വോട്ടവകാശം പ്രധാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം കൊടുക്കണം. കോവിഡ് കാലത്തെ ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. ക്വാറന്റൈനില്‍ കഴിയുന്ന വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാവും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ടര്‍മാരുടെ പോളിംഗ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം.
സാധാരണഗതിയില്‍ ഇത് വൈകിട്ട് അഞ്ച് വരെയാണ് ഒരു മണിക്കൂറാണ് പോളിംഗ് സമയം കൂട്ടിയിരിക്കുന്നത്. അതേസമയം നക്സല്‍ ബാധിത മേഖലകളില്‍ ഈ അധികസമയം അനുവദിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ പരമാവധി ഓണ്‍ലൈനിലൂടെ ആയിരിക്കും. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യമുണ്ടായിരിക്കും. ഒരു ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാര്‍ക്ക് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
ഏഴ് ലക്ഷം യൂണിറ്റ് സാനിറ്റൈസര്‍, 46 ലക്ഷം മാസ്കുകള്‍, ആറ് ലക്ഷം പിപിഇ കിറ്റുകള്‍, 6.7 ലക്ഷം ഫേസ് ഷില്‍ഡുകള്‍, 23 ലക്ഷം ഹാന്‍ഡ് ഗ്ലൗസുകള്‍ എന്നിവ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒറ്റത്തവണ ഉപയോഗിക്കുന്ന 7.2 കോടി ഹാന്‍ഡ് ഗ്ലൗസുകളും വോട്ടര്‍മാര്‍ക്കായി വിതരണം ചെയ്യുമെന്നും സുനില്‍ അറോറ അറിയിച്ചു.


