മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
വിവിധ സാഹിത്യ ശാഖകളില്‍ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നല്കിയ നിസ്തുല സംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം. വാഗ്ദേവകതയുടെ വെങ്കല ശില്പവും 11 ലക്ഷം രൂപയും ഫലകവുമാണ് സമ്മാനിച്ചത്. 2019-ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55-ാമത്തെ ബഹുമതിയാണിത്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008 ല്‍ എഴുത്തച്ഛന് പുരസ്കാരം നേടി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
1926 മാര്‍ച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര് അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് അക്കിത്തം അച്യുതന് നമ്പൂതിരി ജനിച്ചത്. ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.