ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കിടെ മൂവാറ്റുപുഴയില്‍ ഐഗ്രൂപ്പ് നടത്തിവരുന്ന രഹസ്യ യോഗങ്ങള്‍ വിവാദമാവുന്നു. തെരഞ്ഞെടുപ്പില്‍ പരമാവധി അംഗങ്ങളെ വിജയിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഉന്നതനേതാക്കളുടെ ആശീര്‍വാദത്തോടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത്. അടുത്തിടെ ഐ ഗ്രൂപ്പില്‍ ചേക്കേറിയ ചിലരെ ഒഴിവാക്കിയാണ് പഞ്ചായത്തുകള്‍ തോറും യോഗങ്ങള്‍ ചേര്‍ന്നത്. അതീവ രഹസ്യമായി പഞ്ചായത്തിന് പുറത്താണ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത്. യോഗങ്ങള്‍ക്കെതിരെ ‘എ’ ഗ്രൂപ്പ് രംഗത്തുവന്നു കഴിഞ്ഞു.
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോജകമണ്ടലം തലത്തില്‍ 7 അംഗ ഉന്നതാധികാര സമിതിക്ക്് രൂപം കൊടുത്തിട്ടുണ്ട്. മൂന് കെപിസിസി അംഗങ്ങളായ അഡ്വ.വര്‍ഗ്ഗീസ് മാത്യു, പായിപ്ര കൃഷ്ണന്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ മുഹമ്മദ് പനയ്ക്കല്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ കെ.എം പരീത്, ജില്ല ജനറല്‍ സെക്രട്ടറി ഉല്ലാസ് തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സലീം ഹാജി, അഡ്വ. സികെ. ആരിഫ്, മില്‍മാ ചെയര്മാന് ജോണ്‍ തെരുവത്ത്, ഐ.എൻ.റ്റി.യു.സി ജില്ലാസെക്രട്ടറി പിഎം ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് തല ഗ്രൂപ്പ് യോഗങ്ങള്‍.
മാറാടി, പൈങ്ങോട്ടൂര്‍, ആയവന, കല്ലൂര്‍ക്കാട്, പാലക്കുഴ, ആരക്കുഴ, വാളകം, ആവോലി, മുളവൂര്‍ മണ്ഡലംതല ഗ്രൂപ്പ് യോഗങ്ങളാണ് ഇന്നലെ വരെ പൂര്‍ത്തിയായത്. മൂവാറ്റുപുഴ നഗരസഭയിലെയും ,പായിപ്ര, പോത്താനിക്കാട്, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലേയും യോഗങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ചേരുക.


