സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. സ്കൂളുകള്‍ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളില്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി നടപ്പാക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫിസുകളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണമെന്ന് പുതിയ ഉത്തരവ് നിര്‍ദേശിക്കുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാകണം ഓഫിസുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇന്ന് മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അനുവാദമുണ്ടായിരിക്കും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസമായിരുന്ന ക്വാറന്റീന് പകുതിയാക്കി. ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കില്‍ ക്വാറന്റീന് 14 ദിവസം തന്നെ തുടരേണ്ടി വരും.
കേസുകള്‍ കുത്തനെ മുകളിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. പുതിയ ഇളവുകളോടെ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ നിലവില്‍ വന്ന നിയന്ത്രണങ്ങളാണ് നീങ്ങുന്നത്. സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് കാട്ടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തുന്നതിനുള്ള നിയന്ത്രണം നീക്കിയത്. ഇനി മുതല്‍ 100 ശതമാനം ജീവനക്കാരും ഓഫസിലെത്തണം.
ഹോട്ടലുകളില്‍ പാഴ്സലിന് മാത്രം അനുമതിയുണ്ടായിരുന്നത് മാറ്റി ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയാകുന്നതോടെ കാര്യങ്ങള്‍ സാധാരണഗതിയിലേക്ക് അടുക്കുകയാണ്.