ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫീസിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയതിന് പിന്നാലെ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കും ബിഎംസി നോട്ടീസ്. ഓഫീസില്‍ അനധികൃത രൂപമാറ്റം വരുത്തിയെന്ന് നോട്ടീസില്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ബിഎംസി ആവശ്യപ്പെട്ടു.
അതേസമയം, പൊളിച്ചുനീക്കലിനെതിരെ കങ്കണ റണൗട്ട് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഉച്ചയ്ക്ക് മൂന്ന് മണിക്ക് പരിഗണിക്കും. നടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മണികര്‍ണിക ഫിലിംസ് പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഒരു ഭാഗം ഇന്നലെ പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടായത്.
കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ചു നീക്കിയ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയാണ് സര്‍ക്കാറിനോട് വിശദീകരണം തേടിയത്. കെട്ടിടം പൊളിച്ചു നീക്കിയ നടപടിയില്‍ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.
ബിഎംസി നടപടിയില്‍ രാഷ്ട്രീയ വിവാദവും തുടരുകയാണ്. ഉദ്ധവ് താക്കറെയെ രൂക്ഷമായി വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. മുംബൈയെ പാകിസ്താനോട് താരതമ്യം ചെയ്തുള്ള കങ്കണയുടെ ട്വീറ്റാണ് വിവാദമായത്. പിന്നീട് ശിവസേനയില്‍ നിന്ന് ആക്രമണ ഭീഷണിയടക്കം കങ്കണക്ക് നേരിട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ താരത്തിന് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു.


