ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍.ഡി.ആര്.എഫ് സംഘം ഇന്ന് മടങ്ങും. അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂര്‍ണമായും പരിശോധന പൂര്‍ത്തിയാക്കിയാണ് തിരച്ചില്‍ അവസാനിപ്പിച്ചതെന്ന് കലക്ടര്‍ എച്ച് ദിനേശന് അറിയിച്ചു. വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചില്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
ലയങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലും, പെട്ടിമുടി പുഴയിലുമായി 19 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്‍.ഡി.ആര്.എഫ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ്, പൊലീസ്, റവന്യൂ-പഞ്ചായത്ത് അധികൃതര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തിരച്ചില്‍ നിര്‍ത്തേണ്ട സ്ഥിതിയായിരുന്നു.
ഉരുള്‍പൊട്ടലില്‍ കാണാതായ 70 പേരില്‍ ദിനേഷ് കുമാര്‍ (20), റാണി (44), പ്രീയദര്‍ശനി (7), കസ്തുരി (26), കാര്‍ത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. 12 പേര് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു, ഇവരില്‍ മൂന്ന് പേര് കോലഞ്ചേരി മെഡിക്കല്‍ കോളജിലും നാല് പേര് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.


