യൂറോപ്പ ലീഗ് ഫുട്ബോള്‍ കിരീടം സെവിയ്യക്ക്. ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പാനിഷ് ടീമിന്റെ കിരീട നേട്ടം. ലൂക് ഡിയോങ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ഇന്റര്‍ മിലാന് താരം ലുകാകുവിന്റെ സെല്‍ഫ് ഗോള്‍ നിര്‍ണായകമായി. ആറാം തവണയാണ് സെവിയ്യ യൂറോപ്പ കിരീടം നേടുന്നത്.
ഒഴിഞ്ഞ ഗാലറിയെ സാക്ഷ്യമാക്കി, വന്‍കരയുടെ ഫൈനലിന് യോജിച്ച മത്സരമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. മത്സരം തുടങ്ങി ആദ്യ 12 മിനുട്ടിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇന്റര്മിലാന് വേണ്ടി ലുകാകുവും സെവിയ്യക്ക് വേണ്ടി ഡിയോങുമാണ് ലക്ഷ്യം കണ്ടത്. 33ാം മിനുട്ടില്‍ ഡിയോങ് ഒരിക്കല്‍കൂടി മിലാന്റെ വല കുലുക്കി. മൂന്ന് മിനുട്ടിനകം ബ്രോസോവിച്ചിലൂടെ സെവിയ്യ ഒപ്പത്തിനൊപ്പം.
ആദ്യ പകുതിക്ക് ശേഷമാണ് നിര്‍ണായകമായ സെവിയ്യയുടെ മൂന്നാം ഗോള്‍ പിറന്നത്. ഡിയാഗോ കാര്‍ലോസിന്റെ ബൈസിക്കിള്‍ കിക്കിലൂടെ വന്ന പന്ത് ലുകാകുവിന്റെ കാലില്‍ തട്ടി വലയിലേക്ക്. അങ്ങനെ യൂറോപ്പ ലീഗ് കപ്പില്‍ സെവിയ്യ ഒരിക്കല്‍ കൂടി മുത്തമിട്ടു.