വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്ക് വിദേശസഹായം തേടിയതില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പദ്ധതിക്ക് റെഡ്ക്രെസന്ററിന്റെ സഹായം വാങ്ങാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയോന്ന് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. കേന്ദ്രാനുമതി ലഭിച്ചെങ്കില്‍ രേഖകള്‍ ഹാജരാക്കണം. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ ജോസിനോടും എന്‍ഫോഴ്സ്മെന്റ് വിശദീകരണം തേടി.
പദ്ധതിക്ക് റെഡ്ക്രെസന്ററിന്റെ സഹായം വാങ്ങിയതില്‍ സംസ്ഥാനം ദുരന്ത നിവാരണ നിയമം പാലിച്ചില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥയും മറികടന്നു. സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചോയെന്ന് വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്.
കരാര്‍ വിശദാംശങ്ങള്‍, ഇടനിലക്കാര്‍, കരാര്‍ തുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. ഭവനസമുച്ചയത്തിന്റെ നിര്‍മാണ കരാറെടുത്ത കമ്പനി തനിക്ക് ഒരു കോടി കമ്മിഷന് തന്നുവെന്നു സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ സന്ദര്‍ശിച്ചതിനെത്തുടര്‍ന്നു ലഭിച്ച 20 കോടിയുടെ സഹായത്തില്‍ നിന്ന് ഏതു സാഹചര്യത്തിലാണു സ്വപ്നയ്ക്കു കമ്മിഷന് ലഭിച്ചതെന്നും റെഡ് ക്രസന്റില്‍ നിന്നു നിര്‍മാണക്കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ മാനദണ്ഡങ്ങളും ആര് ഇടപെട്ടാണു കരാര്‍ നല്കിയതെന്നതും പരിശോധിക്കുന്നുണ്ട്. വടക്കാഞ്ചേരിയില്‍ ആദ്യം തയാറാക്കി ഭരണാനുമതി കിട്ടിയ പദ്ധതിയിലുണ്ടായ മാറ്റവും പ്രതിപക്ഷം ആരോപണമായി ഉയര്‍ത്തിയിരുന്നു.
റെഡ്ക്രസന്റില്‍ നിന്നു സഹായം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന് സിഇഒ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം പ്രത്യേകം പരിശോധിക്കും. കരാറിനു മുന്‍പ് നയപരമായ തീരുമാനം വേണമെന്നു നിയമവകുപ്പ് ഫയലില്‍ എഴുതിയെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വിദേശസംഘടനയില് നിന്നു സഹായം തേടുന്നതിനു മുന്‍പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിച്ചിരുന്നോയെന്നും ഇഡി പരിശോധിക്കും. ഈ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി തിടുക്കപ്പെട്ടു കരാര്‍ നല്‍കിയെന്നതിന്റെ വിവരങ്ങളാണു പുറത്തുവന്നത്.


