കോലഞ്ചേരി: ഓര്‍ത്തഡോക്സ് വിഭാഗവുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാന്‍ യാക്കോബായ സഭാ സുന്നഹദോസ് തീരുമാനിച്ചു. വ്യാഴാഴ്ച നടന്ന അടിയന്തര എപ്പിസ്കോപ്പല്‍ സുന്നഹദോസാണ് തീരുമാനമെടുത്തത്. സഭകള്‍ തമ്മില്‍ യോജിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ സഹോദരസഭകള്‍ എന്നനിലയില്‍ ഓര്‍ത്തഡോക്സ് സഭയുമായുമായി ചര്‍ച്ചയ്ക്കുതയ്യാറാണെന്നും അതിന് പള്ളിപിടിത്തം അവസാനിപ്പിക്കണമെന്നും എപ്പിസ്കോപ്പല്‍ സുന്നഹദോസ് അഭിപ്രായപ്പെട്ടു.
ഇതോടെ മെത്രാന് കക്ഷിയില്‍ നിന്നും മൂറോന്‍ സ്വീകരിക്കുന്നവര്‍ക്ക് യാക്കോബായ സഭയിലേക്ക് വരുമ്പോള്‍ മൂറോന്‍ അഭിഷേകം നിര്‍ബന്ധമാകും. ഓര്‍ത്തഡോക്സ് പള്ളിയില്‍ വിവാഹത്തിനോ മാമോദീസയ്ക്കോ ഔദ്യോഗിക കത്ത് നല്കുകയുമില്ല. ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് വിവിധ കൂദാശകള്‍ സ്വീകരിക്കുന്നതില്‍ യാക്കോബായ സഭ കടുത്ത നിലപാടുകള്‍ എടുത്തിരുന്നില്ല. എന്നാല്‍, ഇനിമുതല്‍ കൂദാശകള്‍ക്കൊന്നും ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരെയോ വൈദികരെയോ പള്ളിയില്‍ സഹകരിപ്പിക്കില്ല.
മുളന്തുരുത്തി പള്ളി ഏറ്റെടുക്കാനും വൈദികരെ ഇറക്കിവിടാനും നേതൃത്വം നല്കിയ ഫോര്‍ട്ട് കൊച്ചി ആര്.ഡി.ഒ.ക്കെതിരേയും പോലീസിനെതിരേയും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യാക്കോബായസഭാ സുന്നഹദോസ് ആവശ്യപ്പെട്ടു. സഭയുടെ ആവശ്യങ്ങളുന്നയിച്ച് മെത്രാപ്പോലീത്തമാര്‍ തിരുവനന്തപുരത്ത് സെയ്ന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ ഏകദിന ഉപവാസ പ്രാര്‍ഥനായജ്ഞം നടത്തും. ഇടവകതോറും പ്രതിഷേധവും റിലേ നിരാഹാരസമരവും നടത്താനും തീരുമാനിച്ചു. ഞായറാഴ്ചയാണ് ആദ്യ പ്രതിഷേധപരിപാടി. വിശദാംശങ്ങള്‍ സഭയിലെ എല്ലാ ദേവാലയങ്ങളെയും ശ്രേഷ്ഠകാതോലിക്കാബാവ അറിയിക്കും.
Read Also: http://rashtradeepam.com/high-court-intervenes-jain-university-kochi-off-campus-ugc-no-recognition/


