കോവിഡ് പ്രതിസന്ധിക്കിടയിലും വിലക്കുറവിന്റെ ഓണമൊരുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്ത. 1850 സഹകരണ ഓണച്ചന്ത വഴി 13 സബ്സിഡി ഇനങ്ങള്‍ 45 ശതമാനംവരെ വിലക്കുറവില്‍ ലഭ്യമാക്കുമെന്ന് ചെയര്മാന് എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.
സബ്സിഡിയില്ലാത്ത ഇനങ്ങള്‍ 10 മുതല്‍ 30 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കും. 150 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്ന ഓണച്ചന്ത വഴി 10 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍, എസ്സി/എസ്ടി സഹകരണ സംഘങ്ങള്‍, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.
പൊതുവിപണിയില്‍ കിലോയ്ക്ക് 220 രൂപവരെ വിലയുള്ള വെളിച്ചെണ്ണ ഓണച്ചന്തയില്‍ 92 രൂപയ്ക്ക് ലഭിക്കും. പഞ്ചസാര 22 രൂപയ്ക്കും (വിപണിയില്‍ 38-40 രൂപ) മുളക് 75 രൂപയ്ക്കും (വിപണിവില 130-140 രൂപ) ലഭിക്കും. 70 കോടിയുടെ സബ്സിഡി ഇനങ്ങളും 80 കോടിയുടെ നോണ്‍ സബ്സിഡി ഇനങ്ങളുമാണ് ഓണച്ചന്തകളിലൂടെ വില്‍ക്കുന്നത്. സബ്സിഡി ഇനങ്ങള്‍, വില, ബ്രാക്കറ്റില്‍ പൊതുവിപണിവില ക്രമത്തില്‍ ചുവടെ: കുറുവ അരി-25(31-35), കുത്തരി-24(29-33), പച്ചരി-23(27-28), ചെറുപയര്‍-74(100-104), കടല-43(65-80), ഉഴുന്ന്-66(75-85), തുവരപ്പയര്‍-45(90-95), മല്ലി-76(85-90).
കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം 18ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയാണ് വിപണിയില്‍ എത്തിക്കുന്നത്. പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിന്റെ മൈഫുഡ് റോളര്‍ ഫ്ലവര്‍ ഫാക്ടറിയാണ് ത്രിവേണി ബ്രാന്‍ഡില്‍ ആട്ട, മൈദ, റവ എന്നിവ നിര്‍മിക്കുന്നത്. ഗോതമ്പുനുറുക്ക്, ചക്കി ഫ്രഷ് ഗോതമ്പുപൊടി എന്നിവയും ഉടന്‍ പുറത്തിറക്കുമെന്നും എം മെഹബൂബ് പറഞ്ഞു.
കേരകര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന കൊപ്ര മലപ്പുറം കോഡൂര്‍ സഹകരണ ബാങ്കാണ് വെളിച്ചെണ്ണയാക്കി വിപണനം ചെയ്യുന്നത്. ഇടുക്കി തങ്കമണി സഹകരണ ബാങ്കാണ് കര്‍ഷകരില്‍ നിന്ന് തേയില ശേഖരിച്ച് ചായപ്പൊടിയാക്കുന്നത്.