കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ എട്ട് രോഗികള്‍ക്ക് ഉള്‍പ്പടെ 11 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. റാപിഡ് പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലെ ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന് തീയേറ്ററുകള്‍, ഐസിയു തുടങ്ങി അണുബാധ ഏല്ക്കാന് സാധ്യതയുള്ള മേഖലകള്‍ 30 വരെ അടച്ചിടും. അണു നശീകരണം നടത്തി 31 മുതല്‍ വീണ്ടും പ്രവര്‍ത്തിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലയെ ആശങ്കയിലാഴ്ത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് വ്യാപനം തുടരുകയാണ്. ഇന്നലെ മാത്രം ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് സ്ഥിരീകരിച്ചത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ഒരു ഹൗസ് സര്ജന്, മൂന്ന് സ്റ്റാഫ് നേഴ്സുമാര്‍, രണ്ട് ഡയാലിസിസ് ടെക്നീഷ്യന്‍സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സമ്പര്‍ക്കത്തില്‍ വന്ന 150 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റീനിലാണ്. വിവിധ രോഗങ്ങള്‍ക്കായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ 12 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

