വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് ഒരിക്കലും പറയാൻ പാടില്ലാത്ത പദപ്രയോഗങ്ങളാണ് എം.സി.ജോസഫൈൻ നടത്തിയതെന്നും സ്ത്രീ സമൂഹത്തോട് പരസ്യമായി മാപ്പ് പറയാൻ അവർ തയാറാകണമെന്നും മുൻ പി.എസ്.സി അംഗവും മഹിളാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്ന സിമി റോസ്ബെൽ ജോൺ.
മഹാമാരിയുടെ കാലഘട്ടത്തിൽ പോലും സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നു. ജനപ്രതിനിധികൾ അടക്കമുള്ള ഭരണകക്ഷി നേതാക്കൾക്കെതിരെ ആരോപണമുയർന്നപ്പോഴൊക്കെ മൗനം പാലിച്ച കമ്മീഷൻ അധ്യക്ഷ പാർട്ടിയെ ന്യായീകരിക്കുന്നത് ആരോപണ വിധേയരെ സഹായിക്കാൻ വേണ്ടിയാണെന്ന് സിമി റോസ്ബെൽ ആരോപിച്ചു.
കേരളത്തിലെ സ്ത്രീകൾക്ക് വനിതാ കമ്മീഷനിലുള്ള വിശ്വാസം നഷ്ടമായി കഴിഞ്ഞു. ഇനിയും ആ സ്ഥാനത്ത് തുടരണോയെന്ന് ജോസഫൈൻ തീരുമാനിക്കണം. നിഷ്പക്ഷ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അധ്യക്ഷ പരാജയപ്പെട്ടു. സ്ത്രീകൾക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണ് പരാതികളുമായി വനിതാ കമ്മീഷനെ സമീപിക്കാൻ അവർ മടിക്കുന്നത്.
സ്ഥാനമാനങ്ങൾ നേടാനും നേതാക്കളുടെ പ്രീതി പിടിച്ചു പറ്റാനുമായി പദവിക്ക് ചേരാത്ത പദപ്രയോഗങ്ങൾ നടത്തുന്ന വനിതാ കമ്മീഷൻ അധ്യക്ഷ സ്വയം രാജി വച്ചൊഴിയണമെന്നു സിമി റോസ്ബെൽ ജോൺ ആവശ്യപ്പെട്ടു.


