തൊടുപുഴ : നഗരസഭ ചെയര്‍പേഴ്സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. നെറുക്കെടുപ്പിലൂടെയാണ് ഇടത് പക്ഷത്തിന് ഭരണം ലഭിച്ചത് .
വൈസ് ചെയര്മാന് റ്റി.കെ. സുധാകരന്‍നായരുടെ വോട്ട് അസാധുവായതാണ് യുഡിഎഫിന് വിനയായത്.
യു ഡി എഫ് ധാരണപ്രകാരം സഫിയ ജബ്ബാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിലെ മിനി മധുവിന് 13, യു ഡി എഫിലെ ജെസ്സി ആന്റണിയ്ക്ക് 14, ബി ജെ പിയിലെ ബിന്ദു പത്മകുമാറിന് 8 വോട്ടുകള്‍ ലഭിച്ചു. രണ്ടാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ വൈസ് ചെയര്മാന് റ്റി.കെ. സുധാകരന്‍നായരുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് മിനി മധുവിനും ജെസ്സി ആന്റണിക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു. ബി ജെ പി അംഗങ്ങള്‍ വോട്ടുകള്‍ അസാധുവാക്കി. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പിലാണ് മിനി മധുവിനെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്.
നഗരസഭാ ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തതില്‍ എല്‍ഡിഎഫിലെ എല്ലാ കൗണ്‍സിലര്‍മാരോടും തനിക്ക് നന്ദിയും സ്നേഹവും കടപ്പാടുമുണ്ടെന്ന് മിനി മധു പറഞ്ഞു. തൊടുപുഴ നഗരസഭയുടെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുമെന്ന് മിനി മധു പറഞ്ഞു.
ജനറല്‍ വാര്‍ഡില്‍ പുരുഷനെതിരെ 74 വോട്ടിന് ടെലിവിഷന്‍ ചിഹ്നത്തിലാണ് മിനി മധു കഴിഞ്ഞ തവണ തീപാറുന്ന പോരാട്ടത്തിലൂടെ വിജയം കൈവരിച്ചത്. 25-ാം വാര്‍ഡ് ഒളമറ്റം വാര്‍ഡാണ് മിനി മധുവിന്റെ തട്ടകം. സിപിഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗ കൂടിയാണ് മിനി.
ഒളമറ്റം കണ്ണുവീട്ടില്‍ കുടുംബാംഗമാണ് മിനി.
ഭര്‍ത്താവ് മധു അറക്കുളത്ത് ആധാരം എഴുത്ത് ഓഫീസ് നടത്തുകയാണ്. ഏക മകള്‍ ദേവിക ശാന്തിഗിരി കോളജില്‍ ബികോം വിദ്യാര്‍ത്ഥിനിയാണ്. കേരള വെള്ളാള മഹാസഭ അംഗം കൂടിയായ മിനി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ചുകൊണ്ട് വാര്‍ഡിലെ എല്ലാ കാര്യങ്ങളിലും ബദ്ധശ്രദ്ധ കാട്ടിയിരുന്നു.