കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് മരണം 100 കടന്നു. ഇന്നലെ വൈകുന്നേരം വരെ 84 പേരായിരുന്നു കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നത്.
മരണ നിരക്ക് കുത്തനെ അധികരിക്കുന്നതോടെ ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ കേന്ദ്രസര്‍ക്കാരിന്റെ 11 എംപവേര്‍ഡ് കമ്മറ്റികള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വൈറസ് ബാധ കൂടുതലുള്ള സ്ഥലങ്ങള്‍ പൂര്‍ണമായും സീല്‍ ചെയ്യാനുള്ള ആലോചനകളാണ് നടക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യത്തെ 272 ജില്ലകളില്‍ 62 ജില്ലകളിലാണ് വ്യാപനത്തിന്റെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ 3 ജില്ലകള്‍ ഉള്‍പ്പെടെ ആണിത്. ഈ ജില്ലകള്‍ പൂര്‍ണമായി സീല്‍ ചെയ്യുമെന്നാണ് സൂചന. ബാക്കി 210 ജില്ലകളില്‍ ലോക്ക് ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവും. അതേ സമയം, രോഗപരിശോധന ഇപ്പോള്‍ വേഗത്തിലാക്കിയിട്ടുണ്ട്. വരുന്ന 3 ദിവസത്തിനുള്ളില്‍ പെന്‍ഡിംഗ് കേസുകള്‍ തീര്‍ക്കാനാണ് ശ്രമം.


