തിരുവനന്തപുരം: എത്ര കടുത്ത രീതിയില്‍ കോവിഡ് വ്യാപനം സംഭവിച്ചാലും നേരിടാനുള്ള സജീകരണങ്ങള്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കുന്നതിന്റെ പ്രായോഗികത സര്‍ക്കാര്‍ പരിശാധിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 879 സ്വകാര്യ ആശുപത്രികളിലായി 69,434 കിടക്കകളും 5,607 ഐസിയുകളുമുണ്ട്. 15,333 ഹോസ്റ്റല്‍ മുറികളുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. ആരോഗ്യപ്രവര്‍ത്തരുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കഐസ്ആര്‍ടിസി ഇടപെടും. മാര്‍ച്ച് 31-ന് രജിസ്ട്രേഷന് കാലാവധി അവസാനിപ്പിക്കുന്ന ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷന് തീയതി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. താത്കാലിക രജിസ്ട്രേഷന് കാലാവധി അവസാനിച്ചശേഷവും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോന്പൗണ്ടിംഗ് ഫീസും പിഴയും ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
2012-നുശേഷം വിരമിച്ച ഡോക്ടര്‍മാരുടെ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. അവരുടെ സഹായം തേടും, അനുഭവ പരിചയം പ്രയോജനപ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷയില്‍ ജാഗ്രത കാണിക്കേണ്ടത്. എല്ലാ ജില്ലകളിലും 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അവരെ പ്രത്യേക രീതിയില്‍ പരിഗണിക്കും. അവര്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


