കോഴിക്കോട്: പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് ചൊവ്വാഴ്ച പാല് സംഭരിക്കില്ലെന്ന് മലബാര്‍ മില്‍മ. മലബാര്‍ മേഖലയില്‍ പാല് വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പാല് ശേഖരിക്കാത്തതെന്ന് മലബാര്‍ മേഖലാ അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ സംഭരിച്ച പാല് വില്ക്കാന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ക്ഷീര സംഘങ്ങളിലെ പാല് സംഭരണം വര്‍ദ്ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പാല് സംഭരണം നിര്‍ത്തുന്നതെന്നാണ് വിശദീകരണം . പാല് വിപണന സാധ്യതകള്‍ കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലും സംഭരണത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാല് സംഭരിക്കുമെന്നും മില്‍മ മലബാര്‍ മേഖല അറിയിച്ചു.

