തിരുവനന്തപുരം: കേരള പൊലിസില്‍ ഇനിമുതല്‍ വനിതാ പൊലിസ് എന്ന പ്രയോഗം ഒഴിവാക്കുന്നു. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്പില് വനിതയെന്ന് ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. 1995ന് ശേഷം സേനയിലെത്തിയ പൊലിസുകാര്‍ക്കാണ് ഇത് ബാധകമാകുക.
വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ്കോണ്‍സ്റ്റബിള്‍, വനിതാ എസ്.ഐ, വനിതാ സി.ഐ, വനിതാ ഡിവൈ.എസ്.പി എന്നിങ്ങനെയാണ് ഇതുവരെ വനിതാ പൊലിസുകാരെ അഭിസംബോധന ചെയ്തിരുന്നത്. സിവില്‍ പൊലിസ് ഒഫിസര്മാര് മുതല്‍ എസ്.പി വരെ നോണ്‍ ഐ.പി.എസ് വിഭാഗത്തില്‍ 49886 പൊലിസുകാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ വനിതകളുടെ എണ്ണം 3470 ആണ്. ഒരു ഡിവൈ.എസ്.പിയും 22 സി.ഐമാരും 129 എസ്.ഐമാരും മൂന്ന് എ.എസ്.ഐമാരും 168 സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരും 3147 സിവില്‍ പൊലിസ് ഓഫിസര്‍മാരും ഉള്‍പ്പെടെയാണിത്.


