തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും ഷമീമിനെയും ഇന്ന് തമിഴ്നാട് കുഴിത്തറ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. എഎസ്ഐ വിൽസൻ വെടിയേറ്റ് മരിച്ച ചെക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് ഇവരെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തും. കർണാടകയിലെ ഉഡുപ്പിയിൽ നിന്നും പിടിയിലായ ഇവരെ കഴിഞ്ഞ ദിവസം ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് തമിഴ്നാട് ക്യു ബ്രാഞ്ചിന് കൈമാറിയിരുന്നു. വൻ സുരക്ഷ സന്നാഹത്തോടെയാണ് ഇവരെ കളിയിക്കാവിളയിൽ എത്തിച്ചത്. കേരളത്തിൽ ഇവർക്ക് വേണ്ട സഹായങ്ങൾ നൽകിയ സയ്ദ് അലി അടക്കമുള്ള കൂട്ടാളികൾ ഇപ്പോഴും ഒളിവിലാണ്.
നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘത്തിൽ 17 പേരാണുള്ളതെന്നും ഇതിൽ മൂന്ന് പേർക്കാണ് ചാവേർ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.


