പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേയ് പരിപാടിക്ക് എത്തിയ യുവനടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും കോളജ് അധികൃതരും ചേര്‍ന്ന് അപമാനിച്ച സംഭവത്തിൽ വിവിവാദം ആളികത്തുന്നു. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന ബിനീഷിനൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ഒഴിവാക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവെന്ന് വേദിയിലെത്തി ബിനീഷ് പ്രതിഷേധിച്ചതോടെയാണ് സംഭവം വിവാദമായത്.ബിനീഷിന്റെ പ്രതിഷേധ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ബിനീഷിനെ അനുകൂലിച്ച് സൈബർ യുദ്ധം തുടങ്ങി.
മാഗസിന് പ്രസിദ്ധീകരണത്തിനായി അനിലിനെ വിളിച്ചിരുന്ന പരിപാടിയിൽ ചീഫ് ഗസ്റ്റായിട്ടാണ് ബിനീഷിനെ വിളിച്ചിരുന്നത്. പരിപാടി നടക്കുന്നതിനിടെ വേദിയിലേക്ക് കയറിവന്ന ബിനീഷിനെ പ്രിൻസിപ്പൽ തടഞ്ഞു. അനില്‍ രാധാകൃഷ്ണ മേനോന് സംസാരിക്കുന്നതിനിടെയാണ് ബിനീഷ് സ്റ്റേജിലേക്ക് എത്തി പ്രതിഷേധമുയര്‍ത്തി വേദിയിലിരുന്നു.
ബിനീഷിന്റെ വാക്കുകൾ:
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സള്‍ട്ട് നടന്ന ദിവസമാണ് ഇതെന്ന് ബിനീഷ് പറഞ്ഞു. ഗസ്റ്റായിട്ട് ചെയര്‍മാനാണ് വിളിച്ചത്. ഒരുമണിക്കൂര്‍ മുമ്പ് ചെയര്മാന് വന്നു പഞ്ഞു, അനിലേട്ടനാണ് ഗസ്റ്റായിട്ടുള്ളത്, സാധാരണക്കാരനായ, പടത്തില്‍ ചാന്‍സ് ചോദിച്ച ആളായ ഞാന്‍ ഇവിടെ വന്നാല്‍ സ്റ്റേജില്‍ കേറില്ലെന്ന് അനിലേട്ടന് പറഞ്ഞു. ഞാന്‍ മേനോനല്ല, ഞാന്‍ നാഷണല്‍ അവാര്‍ഡ് വാങ്ങാത്ത ആളാണ്, ലൈഫില്‍ തന്നെ ഏറെ വിഷമമുള്ള ദിവസമാണ്”ടൈല്‍സ് പണിക്ക് പോയി, ഒരുപാട് നടന്മാരുടെ ഇടികൊണ്ട് വിജയ് സാറിന്റെ തെരിയിലൂടെ ചെറിയ സ്ഥാനക്കയറ്റം കിട്ടിയ ആളാണ് ഞാന്‍. എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഇന്സല്ട്ടാണിത്.’- ബിനീഷ് പറഞ്ഞു.
‘മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏതു മതക്കാരനെന്നതല്ല പ്രശ്നം, എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്…’ അദ്ദേഹം പറഞ്ഞു.


