പാലക്കാട്: അട്ടപ്പാടിയില്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടുമായി ബന്ധുക്കള്‍ രംഗത്ത്. മരണപ്പെട്ട കാര്‍ത്തി, മണിവാസകം എന്നിവരുടെ ബന്ധുക്കളാണ് പോലിസിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്ബായി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലിസ് അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. അതുകൊണ്ടുതന്നെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്ബ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ പോലിസിനെ സമീപിച്ചിരുന്നു. കാര്‍ത്തിയുടെ ബന്ധുക്കള്‍ പാലക്കാട് എസ്പിക്കും മണിവാസകത്തിന്റെ ബന്ധുക്കള്‍ പോലിസ് സര്‍ജനുമാണ് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നത്.
പോലിസ് ആവശ്യം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ത്തികിന്റെ അമ്മയും സഹോദരനും മണിവാസകത്തിന്റെ ബന്ധുക്കളും രാവിലെ 10 മണിക്ക് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്. എന്നാല്‍, ബന്ധുക്കളെ കാണിക്കുന്നതിന് മുമ്ബുതന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ആരെന്ന് ബന്ധുക്കളെ കാണിച്ച് തിരിച്ചറിയുന്നതിന് അവസരം നല്‍കാതെ പോലിസ് ധൃതിപ്പെട്ട് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനെതിരേ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. സേലം ഡിവൈഎസ്പി അറിയിച്ചതുപ്രകാരമാണ് മൃതദേഹം തിരിച്ചറിയാനായി എത്തിയതെന്ന് മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി പോലിസ് സര്ജന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


