ആനക്കൊമ്പ് കേസില്‍ വനംവകുപ്പിനെതിരെ നടന് മോഹന്‍ലാല്‍. വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ നടന് മോഹന്‍ലാല്‍ ഹര്‍ജി നല്കി. തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആനക്കൊമ്പു കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു.
വനംവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച ഒക്കറന്‍സ് റിപ്പോര്‍ട്ട് ക്രിമിനല്‍ കേസായി പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചത്. കേസില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ കോടതി, പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിചാരണ നടപടിയിലേക്ക് കടക്കുകയായിരുന്നു.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി എന്‍ കൃഷ്ണ കുമാര്‍, തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി കെ കൃഷ്ണ കുമാര്‍, ചെന്നൈ പെനിന്‍സുല സ്വദേശി നളിനി രാധാകൃഷ്ണന് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സെപ്തംബര്‍ 16 നാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന് നല്കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി എ എ പൗലോസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മോഹന്‍ലാലിന് ആനക്കൊമ്പ്് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.


