കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് ഏറെ ദുരൂഹത തരുന്ന സംഭവങ്ങൾ. അതിനിടയിലാണ് ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്കുന്ന ചിത്രം പുറത്തുവന്നത്. സിലി മരിക്കുന്നതിന് മുമ്പെ തന്നെ ജോളിയുമായി ഷാജു പ്രണയത്തിലായിരുന്നുവെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ചിത്രം. നേരത്തെ റഞ്ജിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. സിലിയുടെ മരണശേഷം ജോളിയെ ഷാജു വിവാഹം കഴിച്ചിരുന്നു.
ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നെന്നും ഭയം കൊണ്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്ന സൂചനകളും ഉണ്ട്. എന്നാല്‍ കൊലപാതകങ്ങളില്‍ ഷാജുവിന് നേരിട്ട് പങ്കുണ്ടോയെന്നത് സംബന്ധിച്ച സ്ഥിരീകരണം പൊലീസ് നല്‍കിയിട്ടില്ല. സിലിക്കുള്ള അന്ത്യചുംബനം ജോളിക്കൊപ്പം നല്‍കിയത് യാദൃശ്ചികമായാണെന്നാണ് ഷാജു പറയുന്നത്.
താൻ അന്ത്യചുംബനം നൽകാനെത്തിയപ്പോൾ ജോളി ഒപ്പമെത്തിയത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഈ ചിത്രം ഒഴിവാക്കണം ആൽബത്തിൽ നിന്ന് എന്ന് താൻ ആവശ്യപ്പെട്ടെന്നും ഷാജു പറഞ്ഞിരുന്നു.


