തിരുവനനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ഐഎഎസ് ഉപേക്ഷിച്ച കണ്ണന് ഗോപിനാഥനെയും സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നുവെന്നത് ഇന്നലെ വലിയ വാര്‍ത്തയായിരുന്നു.

എം വിജയകുമാര്‍, വി ശിവന്‍കുട്ടി, കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് കെ എസ് സുനില്‍കുമാര്‍, തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എന്നിവരുടെ പേരുകളുടെ കൂടെയാണ് പരിഗണനപ്പട്ടികയില്‍ കണ്ണന് ഗോപിനാഥന്റെ പേരും പറഞ്ഞുകേട്ടത്. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് കണ്ണന് ഗോപിനാഥന്.
‘സ്കൂളില്‍ പഠിച്ച കാലത്ത് എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു എന്ന് സ്കൂളില്‍ എല്ലാവര്ക്കും അറിയാമായിരുന്നു. ആ കുട്ടിക്കൊഴികെ’- എന്നതായിരുന്നു ട്വിറ്ററിലൂടെയുളള കണ്ണന് ഗോപിനാഥന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവില്‍ സിപിഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ തന്റെ പേരും ഉള്‍പ്പെട്ട കാര്യം താന്‍ അറിഞ്ഞില്ലെന്ന് കണ്ണന് ഗോപിനാഥന് പറയുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന് ഗോപിനാഥന് രാജിവച്ചത്.
സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21നാണ് കണ്ണന് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ബുധനാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും.സംസ്ഥാന നേതൃത്വവുമായി ജില്ലാ നേതൃത്വം ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.


