വയനാട്ടില്‍ തളര്‍ന്നു കിടക്കുന്ന 40 വയസ്സുകാരിയെ പല തവണകളിലായി പീഡിപ്പിച്ച സംഭവത്തില്‍ അറുപത് കാരനെ തേടി പോലീസ്.
വെള്ളമുണ്ട പൊലീസ് സ്റ്റേഷന് പരിധിയിലെ അഞ്ചാംമൈല്‍ കെല്ലൂര്‍ കാട്ടില്‍ അന്ത്രുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. അപൂര്‍വ്വ രോഗത്താല്‍ വര്‍ഷങ്ങളായി കിടപ്പിലായ നാല്‍പ്പതുകാരിയെ അന്ത്രു എന്ന അറുപതുകാരന് വീട്ടില്‍ അതിക്രമിച്ചു കയറി പത്തിലേറെ തവണ പീഡിപ്പിച്ചുണ്ടെന്നാണ് പരാതി.
യുവതിയുടെ വീട്ടില്‍ വേറെയും രണ്ടു പേര് സമാന അസുഖത്താല്‍ കിടപ്പിലാണ്. പിതാവാകട്ടെ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ അവശനുമാണ്. മാതാവ് പശുവിന് പുല്ലരിയാന്‍ പുറത്തുപോയ സമയത്താണ് അന്ത്രു യുവതിയെ പീഡിപ്പിച്ചത്.പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ സംഭവമറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയും, തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയുമായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് വെള്ളമുണ്ട പൊലിസ്.യുവതിയുടെ മൊഴി പ്രകാരം ബലാത്സംഗത്തിനും, വൈകല്യമുള്ള വ്യക്തിയെ പീഡിപ്പിച്ചതിനും, വധഭീഷണി മുഴക്കിയതിനും, അതിക്രമിച്ചു കടന്നതിനുമുള്പ്പെടെയാണ് കേസ്.
പ്രതി എവിടെയുണ്ടെന്ന് ഏറെക്കുറെ മനസിലാക്കിയെന്നും രണ്ടു ദിവസത്തിനകം പിടിയിലാകുമെന്നും പൊലിസ് അറിയിച്ചു. അതിനിടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ പ്രദേശവാസികളായ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യുവതിയുടെ തീരുമാനം.മെഡിക്കല്‍ പരിശോധനക്ക് ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ മജിസ്ട്രേറ്റ് മുമ്പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തി.