തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ എന്ന് തെളിഞ്ഞു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ 11 മാസങ്ങള്‍ക്കു ശേഷമാണ് വഴിത്തിരിവ്. കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ എന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം പുറത്ത് വന്നു. ബാലഭാസ്കര്‍ ഇരുന്നത് പിന്‍സീറ്റില്‍ മധ്യഭാഗത്ത് ആണ്. ഡിഎന്‍എ പരിശോധന ഫലമുള്‍പ്പെടെ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ബാലഭാസ്കറിന്റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുണ്ടെന്നു കാട്ടി പിതാവ് സി.കെ ഉണ്ണി ഡിജിപിക്ക് പരാതി നല്‍കിയതിന് ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത്. ബാലുവിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴിയിലെ വൈരുധ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്.
2018 സെപ്റ്റംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപമാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്ത് വച്ചു തന്നെ ഒന്നരവയസുകാരിയായ മകള്‍ തേജസ്വനി മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കര്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.


