തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചാരണത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നു എന്ന് വിശദമാക്കിയാണ് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.

മന്ത്രിമാരുടെ വിദേശയാത്രക്കും വാഹനം വാങ്ങുന്നതിനും ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നുണ്ടെന്നത് വ്യാജപ്രചാരണമാണെന്നും ഒരുരൂപ പോലും മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രളയത്തെ അതിജീവിക്കാന്‍ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ ആവശ്യമാണെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എല്ലാവരും ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങുമ്പോഴാണ് ചിലര്‍ അപവാദ പ്രചാരണവുമായി രംഗത്തെത്തുന്നതെന്നും സംഘ്പരിവാറിന്‍റെ മനസ്സ് കേരളത്തിന്‍റെ മുഖ്യധാരയില്‍നിന്ന് എത്രയോ അകലമാണെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് എന്ത് സംശയത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്ന ഉറപ്പോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡോ. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നു ജനങ്ങളെ ഉദ്ബോധിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു . പോസ്റ്റുകളില്‍ കാണിക്കുന്ന കാരണം ഈ പണം മന്ത്രിമാരുടെ വിദേശയാത്രക്കും ധൂര്‍ത്തിനുമായി ദുര്‍വിനിയോഗം ചെയ്യുന്നു എന്നതാണു. വിദേശയാത്രയും വാഹനങ്ങള്‍ മേടിക്കുന്നതിനൊക്കെ ബജറ്റില്‍ പ്രത്യേകം പണമുണ്ട്. അതുമിതും കൂട്ടിക്കുഴ്യ്ക്കേണ്ട. അത് ധൂര്‍ത്താണോ എന്നുള്ളത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ല . ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട് . ഒന്നു ബജറ്റില്‍ നിന്നു സര്‍ക്കാര്‍ നല്‍കുന്ന തുക, രണ്ടു ജനങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ . ജനങ്ങള്‍ നല്കിയ അഭൂതപൂര്‍വ്വമായ സംഭാവനയാണ് കഴിഞ്ഞ പ്രളയാനുഭവത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ഒന്ന് . 4106 കോടി രൂപയാണ് (20/07/2019 വരെ ) പ്രളയ ദുരിതാശ്വാസത്തിലേക്ക് അവര്‍ സംഭാവനയായി നല്കിയത്.

പ്രളയ ദുരിതാശ്വാത്തിന് വേണ്ടി ലഭിച്ച തുക സാധാരണഗതിയിലുള്ള സര്‍ക്കാരിന്‍റെ വേയ്സ് ആന്ഡ് മീന്‍സിന്നുപോലും താല്‍ക്കാലികമായി ഉപയോഗപ്പെടുത്തരുത് എന്ന ശാഠ്യം ഉള്ളത് കൊണ്ട് കേരള സര്‍ക്കാര്‍ ഒരു പ്രത്യേക തീരുമാനം എടുക്കുകയുണ്ടായി . ആ തീരുമാനപ്രകാരം ഈ ത്തുക തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ അക്കൌണ്ടില്‍ നിക്ഷേപിച്ചിരിക്കുകയാണ് . ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് പേയ്മെന്റുകൾ ,UPI /QR / VPA തുടങ്ങിയവ വഴി ട്രാന്‍ഫര്‍ ചെയ്യുന്ന .തുക നേരെ ഈ അക്കൌണ്ടുകളിലേക്ക് ആണ് പോകുന്നത് . ഇതിന് ഏക അപവാദം ജീവനക്കാരില്‍ നിന്നു സാലറി ചലഞ്ച്ലൂടെ സമാഹരിച്ച തുകയാണ് . അത് മാത്രം ട്രെഷറിയില്‍ പ്രത്യക അക്കൌണ്ട് ആയി സൂക്ഷിച്ചിരിക്കുകയാണ്

ഫിനാന്‍സ് സെക്രട്ടറിയുടെ പേരില്‍ ആണ് ബാങ്കുകളില്‍ ഉള്ള ദുരിതാശ്വാസ നിധി അക്കൌണ്ടുകള്‍ . സാധാരണ ദുരിതാശ്വാസ നിധിയില്‍ എന്നപോലെ മുഖ്യമന്ത്രി അനുവദിക്കുന്ന അടിയന്തിര ദുരിതാശ്വാസത്തിന് പോലും പരിധിയുണ്ട് . 3 ലക്ഷം രൂപ , ഇതില്‍ കൂടുതല്‍ തുക ഏതെങ്കിലും ആവശ്യത്തിനോ പ്രദേശത്തിനോ വേണ്ടി ചെലവഴിക്കണമെങ്കില്‍ കാബിനറ്റ് തീരുമാനം വേണം . ഇത് റെവന്യൂ വകുപ്പ് ഒരു ഉത്തരവായി ഇറക്കണം . ഇതിന്റെയടിസ്ഥാനത്തില്‍ ഫിനാന്‍സ് സെക്രട്ടറി കളക്ടര്‍മാര്‍ക്കോ ബന്ധപ്പെട്ട വ്യക്തികള്‍ക്കൊ ബാങ്ക് വഴി പണം കൈമാറണം . ദുരിതാശ്വാസ നിധി യില്‍ നിന്നു ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ രേഖകള്‍ ഉണ്ട് . ഇത് സി എ ജി ആഡിറ്റിന് വിധേയമാണ്.

അപ്പോഴാണ് ചിലര്‍ വലിയ ഒരു ചോദ്യം ഉന്നയിക്കുന്നത് , മരിച്ചു പോയ എം എല്‍ എ യുടെ കടം വീട്ടുന്നതിന് വേണ്ടി ഈ പണം ഉപയോഗിച്ചില്ലെ ? പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളില്‍ നിന്നു ഒരു പൈസ പോലും മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ല എന്നു ധനമന്ത്രി എന്ന നിലയില്‍ ഖണ്ഡിതമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ് . തുടക്കത്തില്‍ തന്നെ പറഞ്ഞില്ലേ , എല്ലാവര്‍ഷവും ദുരിതാശ്വാസ നിധിയിലേക്ക് ബജറ്റില്‍ നിന്നു പണം നീക്കി വയ്ക്കാറുണ്ട്. ഇതില്‍ നിന്നാണ് മാറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നത് . പ്രളയ ദുരിതാശ്വാസ നിധി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്നുറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത് പ്രത്യക അക്കൌണ്ട്കളില്‍ സൂക്ഷിച്ചിട്ടുള്ളത് .

വേറൊരു വിരുതന്‍ ആര്‍ ടി ഐ പ്രകാരം എടുത്ത വിവരവുമായിട്ടാണ് അപവാദത്തിന് ഇറങ്ങിയിട്ടുള്ളത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ പണം ബാങ്കുകളില്‍ ഫിക്സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നാണ് പ്രചരണം . പിന്നെ എന്തായിട്ടു ഇടണം? സേവിങ്സ് അക്കൌണ്ടിലോ ? ദുരിതാശ്വാസ നിധിയില്‍ നിന്നു പണം ചെലാവാകുന്നതിനെ കുറിച്ച് ചില സമയബന്ധിത കാഴ്ചപ്പാട് ഉണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് 20.07.2019 വരെ 2041 കോടി രൂപ വിവിധ ചെലവുകള്‍ക്കയി അനുവദിച്ചിട്ടുണ്ട് ബാക്കി ത്തുകയെല്ലാം മിച്ചമാണെന്നല്ല അര്ത്ഥം, വീട് നിര്‍മ്മാണത്തിനുള്ള തുകയില്‍ ഗണ്യമായ ഒരു ഭാഗം പണി .പൂര്‍ത്തിയാക്കുന്നത് അനുസരിച്ചു ഇനിയും നല്‍കേണ്ടതാണ് . കുടുംബശ്രീ വഴിയുള്ള പലിശരഹിത വായ്പ്പ, കൃഷിക്കാരുടെയും സംരംഭകരുടെയും പലിശ സബ് സിഡി , റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി ഇവയുടെ എല്ലാം പണം ഇനിയും മാസങ്ങള്‍ കഴിഞ്ഞേ നല്‍കേണ്ടി വരൂ .

അത് കണക്കിലാക്കി അവയെ 3 മാസം, 6 മാസം , 1 വര്‍ഷം തുടങ്ങിയ കാലയളവുകളില്‍ ഫിക്സ്ഡ് ഡെപോസിറ്റ് ആയിടും . സേവിങ്സ് അക്കൌണ്ടില്‍ 3-3.5 ശതമാനം പലിശയേ കിട്ടൂ. ഫിക്സ്ഡ് ഡെപ്പോസിറ്റില്‍ 7-8 ശതമാനം പലിശ കിട്ടും. ഇതെടുത്ത് . പൊക്കിപിടിച്ചിട്ടാണ് സര്‍ക്കരിലേക്ക് പലിശ മേടിക്കാന്‍ ഫിക്സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നു പ്രചാരണം . ദുരിതാശ്വാനിധിയുടെ പലിശ പോലും സര്‍ക്കാരിലേക്കല്ല, ദുരിതാശ്വാസനിധിയിലേക്കാണ് .

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

ഒരു പ്രളയത്തിന്റെ ദുരിതങ്ങള്‍ പരിഹരിച്ച് തീരും മുന്‍പ് മറ്റൊന്നു കൂടി നമ്മള്‍ അഭിമുഖീകരിക്കുകയാണ് . കഴിഞ്ഞ തവണത്തെതു പോലെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സര്‍ക്കാരിന് ഉണ്ടാവണം, പണം കൊണ്ട് മാത്രമല്ല , സാധന സാമഗ്രികള്‍ ആയിട്ടും ദുരിതാശ്വാസ സഹായം എത്തിക്കാം. അങ്ങിനെ വേണ്ടുന്ന സാധനങ്ങള്‍ എന്ത് എന്നു ഓരോ പ്രദേശത്തെയും ദുരിതാശ്വാസ ക്യാമ്പ് അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട് . ഇവ സമാഹരിച്ച് ദുരിത മേഖലയിലെ അധികൃതര്‍ക്ക് എത്തിക്കുന്നതിന് ഒട്ടേറെ സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട് .

അങ്ങിനെ നമ്മള്‍ എല്ലാവരും ഒത്തു പിടിക്കണം . അപ്പോഴാണ് ചിലര്‍ അപവാദ പ്രചാരണവുമായി ഇറങ്ങിയിട്ടുള്ളത് . സംഘപരിവാറിന്‍റെ മനസ്സ് കേരളത്തിന്‍റെ മുഖ്യധാരയില്‍ നിന്നു എത്രയോ അന്യമാണ് എന്നതാണു ഇത് തെളിയിക്കുന്നത്. ഒന്നു മനസ്സിലാക്കുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി പോലെ തന്നെ അംഗീകൃതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും, കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും .കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറിച്ച് ആര്‍ക്കെങ്കിലും ഇനിയും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്‍റ് ചെയ്തോളൂ, മറുപടി പറയാന്‍ തയ്യാര്‍.