കൊച്ചി: നേവൽ ബേസിൽ തൊഴിൽ വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ യുവതി അറസ്റ്റിൽ. ചെറായി സ്വദേശിനി ദേവിപ്രിയ ബാബുവിനെ (30) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നേവൽ ബേസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്നു പരിചയപ്പെടുത്തി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 10 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
നേവൽ ബേസിൽ ക്ലർക്കിൻ്റെ ജോലി നൽകാമെന്നു പറഞ്ഞു വടുതല സ്വദേശി നിജോ ജോർജിൽ നിന്ന് ഇവർ 70,000 രൂപ കൈപ്പറ്റിയിരുന്നു. ജോലിയിൽ പ്രവേശിക്കാൻ നേവൽ ബേസിലെത്തിയപ്പോഴാണു തട്ടിപ്പു പുറത്തായത്. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരു വർഷമായി ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
തൃശൂർ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നു 2 മക്കൾക്കു ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം രൂപ കൈപ്പറ്റി. ഇവർക്കു നാവിക സേന ക്വാർട്ടേഴ്സ് ശരിയാക്കിയിട്ടുണ്ടെന്നും, കുട്ടികൾക്കു കേന്ദ്രീയ വിദ്യാലയയിൽ പ്രവേശനം തരപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.പണം നേവൽ ബേസിലെ യൂണിയൻ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കുമാണു നൽകുന്നതെന്നാണ് ആളുകളെ വിശ്വസിപ്പിച്ചത്. അന്വേഷണത്തിൽ ഇവർ പറയുന്നതു കളവാണെന്നു കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.
എറണാകുളം എസിപി ലാൽജി, നോർത്ത് എസ്എച്ഒ സിബി ടോം, എസ്ഐ അനസ്, എഎസ്ഐ ശ്രീകുമാർ, എസ്സിപിഒ വിനോദ കൃഷ്ണ, ഡബ്ല്യുസിപിഒ സുനിത, സിപിഒമാരായ അജിലേഷ്, സിനീഷ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിന് ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് പറഞ്ഞു


