ദില്ലി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച ഒരുമാസത്തെ സമയപരിധി ഇന്നവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും രാഹുലിന് പകരം മറ്റൊരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് പറയുന്നത്. നെഹ്റു കുടുംബാംഗം തന്നെ കോൺഗ്രസിനെ നയിക്കണമെന്നാണ് പൊതുവികാരമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പന്നാലെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയായിരുന്നു. സ്ഥാനമൊഴിയുകയാണെന്നും ഒരുമാസത്തിനകം പിന്‍ഗാമിയെ കണ്ടെത്താനും നേതൃത്വത്തോട് രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. അധ്യക്ഷ പദവിയിലേക്കില്ലെന്ന കടുംപിടുത്തം തുടരുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുല്‍ ഈ മാസം 28 ന് കൂടിക്കാഴ്ച നടത്തും.


