കാക്കനാട്: കളക്ടറേറ്റില്‍ റവന്യൂ വിഭാഗത്തിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ജീവനക്കാരില്‍ നിന്നും മികച്ച സേവനം ലഭ്യമാക്കാനുറച്ച് ജില്ലാ കളക്ടര്‍ എസ്.സുഹാസ് രംഗത്തിറങ്ങിക്കഴിഞ്ഞു. ശനിയാഴ്ച അദ്ദേഹം കളക്ടറേറ്റിലെ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി ഹാജര്‍ നില പരിശോധിച്ചു. കളക്ടറേറ്റിലെത്തിയ പൊതുജനങ്ങളോട് ജീവനക്കാരുടെ പെരുമാറ്റവും സേവനവും സംബന്ധിച്ച അഭിപ്രായവും ചോദിച്ചു.
ഫയലുകളിലെ കാലതാമസമൊഴിവാക്കാന്‍ റവന്യൂ ജീവനക്കാര്‍ക്കിടയില്‍ ‘കളക്ടേഴ്സ് എംപ്ലോയീ ഓഫ് ദ മന്ദ് ‘ പുരസ്കാരം ഏര്‍പ്പെടുത്തിയതായി അറിയിക്കുകയും ചെയ്തു. കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ചാണ് പുരസ്കാരം നല്‍കുക. നല്ല പെരുമാറ്റത്തിലൂടെയും വേഗത്തിലും ഏത് ജീവനക്കാരനില്‍ നിന്നാണ് സേവനം ലഭിച്ചതെന്ന് കളക്ടറെ അറിയിക്കാം. ഇതിനായി പ്രവേശന കവാടത്തിനു സമീപം പെട്ടി സ്ഥാപിക്കും. മികച്ച സേവനം നല്കിയ ജീവനക്കാരന്റെ പേര് നിര്‍ദ്ദിഷ്ട ഫോമില്‍ എഴുതി പെട്ടിയിലിടാം. മാസാവസാനം പെട്ടി തുറന്ന് ഏറ്റവുമധികം പേര് നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തിയെ ‘കളക്ടേഴ്സ് എംപ്ലോയീ ഓഫ് ദ മന്ദാ ‘യി പ്രഖ്യാപിക്കും. വിജയിയെ സംബന്ധിച്ച വിവരം Collector, Ernakulam എന്ന ഫേസ് ബുക്ക് പേജു വഴി അറിയിക്കും.

ജൂലൈ ഒന്നു മുതല്‍ പദ്ധതി നടപ്പാക്കും. കളക്ടറുടെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത സെക്യൂരിറ്റി, സ്യൂട്ട്, ഇന്സ്പെക്ഷന്, ലാന്‍ഡ് അക്വിസിഷന്‍, ഫിനാന്‍സ് വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫയലുകളുടെ തീര്‍പ്പാക്കല്‍, ഹാജര്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായി അംഗീകാരം നല്‍കും.
Gepostet von Collector, Ernakulam am Mittwoch, 19. Juni 2019
കളക്ടറേറ്റും പരിസരവും വൃത്തിയാക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്താനും നിര്‍ദ്ദേശം നല്കി. ‘ഇനിയങ്ങോട്ട് കോമ്പൗണ്ടിനു പുറത്തേക്കാണ്, അതിന് എനിക്ക് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ആവശ്യമാണ് ‘ എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്.



