മൂവാറ്റുപുഴ: ജില്ലയിലാദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന മിന്നല്‍ രക്ഷാചാലകം നാടിന് സമര്‍പ്പിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ നെടുമലയില്‍ രണ്ട് കേന്ദ്രങ്ങളിലാണ് മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചത്. പദ്ധതിയുടെ സമര്‍പ്പണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.കെ.സുരേഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജശ്രീ അനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടോമി തന്നിട്ടാംമാക്കേല്, എന്‍.ജെ.ജോര്‍ജ്, നിര്‍മ്മല അനില്‍, പഞ്ചായത്ത് മെമ്പര്‍ പി.ബി.സാബു, റെനീഷ് റെജിമോന്, സിന്ധു മണി, പഞ്ചായത്ത് സെക്രട്ടറി എന്‍.ജാസ്മിന് അഹമ്മദ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അനിത റെജി എന്നിവര്‍ സംസാരിച്ചു.
ജില്ലയില്‍ ആദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിക്കുന്നത്. നെടുമലയിലെ രണ്ട് കേന്ദ്രങ്ങളിലാണ് 1.60-ലക്ഷം രൂപ മുതല്‍ മുടക്കിയാണ് മിന്നല്‍ രക്ഷാചാലകം നിര്‍മിച്ചിരിക്കുന്നത്. മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ നെടുമലയില്‍ 140-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 40-ഓളം കുടുംബങ്ങള്‍ മലയ്ക്ക് മുകളിലാണ് താമസിക്കുന്നത്. മഞ്ഞള്ളൂര്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. നെടുമലയില്‍ ചെറിയൊരു മിന്നലുണ്ടായാല്‍ പോലും വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. 2009-ല്‍ ഇടിമിന്നലില്‍ നാടിനെ നടുക്കിയ ദുരന്തത്തിനും നെടുമല നിവാസികള്‍ സാക്ഷിയാണ്. അന്ന് ആറാം ക്ലാസ്സിലും, എല്‍.കെ.ജി.യിലും പഠിക്കുന്ന രണ്ട് പിഞ്ച് കുഞ്ഞുങ്ങളുടെ ജീവനാണ് മിന്നലേറ്റ് പൊലിഞ്ഞത്. മാത്രവുമല്ല പശു, ആട്, അടക്കമുള്ള നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്കും മിന്നലേറ്റ് ചത്തിട്ടുണ്ട്. ഇതിന് പുറമേ ചെറിയൊരു മിന്നലുണ്ടായാല്‍ പോലും വീട്ടുപകരണങ്ങള്‍ കത്തി നശിക്കുന്നതും പതിവാണ്. ഇതിനൊരു പരിഹാരംവേണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ഇ.കെ.സുരേഷ് വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് മിന്നല്‍ രക്ഷാചാലകം എന്ന ആശയം ഉയര്‍ന്ന് വന്നത്. ഇതേ തുടര്‍ന്നാണ് 2017-18-സാമ്പത്തീക വര്‍ഷത്തിലെ പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തില്‍ നിന്നും 1.60-ലക്ഷം രൂപ മിന്നല്‍ രക്ഷാചാലകത്തിന് നീക്കി വക്കുകയും ഇതിന് അനുമതി ലഭിക്കുകയും ചെയ്തത്. മിന്നല്‍ രക്ഷാചാലകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പദ്ധതി വിജയകരമായാല്‍ പഞ്ചായത്തിലെ മറ്റ് മലകളിലേയ്ക്ക് വ്യാപിക്കാനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതര്‍.


