ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയെ അമേരിക്കക്ക് വിട്ടു നൽകാൻ ധാരണയായി. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പു വെച്ചതായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിത് ജാവിദ് പറഞ്ഞു. ലൈംഗികാരോപണക്കേസിലും യുഎസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട കേസിലും അസാഞ്ചയെ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ധാരണാ പത്രത്തിൽ ബ്രിട്ടൻ ഒപ്പു വെച്ചത്.
2012 മുതല്‍ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്നു അസാഞ്ചെ. യു.എസിന്റെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടെന്ന കേസിലാണ് അമേരിക്ക അസാഞ്ചെയെ കൈമാറണമെന്ന് ആവശ്യപ്പെട്ടത്. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വിക്കിലീക്ക്സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.


