
കൊച്ചി: ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസെടുത്തു. സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി നടപടി.
ഫാ.ജോഷി പൊതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ ഇടനിലക്കാരന് സാജുവര്‍ഗീസ് എന്നിവരെ കൂട്ടുപ്രതികളായും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് തൃക്കാക്കര മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.
ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്കിയ പരാതിയിലാണ് കേസ്. മൂന്ന് ഏക്കറോളം ഭൂമി വില്പനനടത്തിയതുമായി ബന്ധപ്പെട്ട് വിശ്വാസ വഞ്ചന, സാമ്പത്തിക നഷ്ടമുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പരാതി നല്‍കിയത്. നേരത്തെ പോലീസിന് പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലീസ് തയാറായില്ല. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയില്‍ എത്തിയത്.
സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടിയ്ക്ക് വിറ്റെന്നാണ് പരാതിക്കാരന് ഉന്നയിക്കുന്ന ആക്ഷേപം. അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭയ്ക്ക് അന്യായമായ നഷ്ടം വരണമെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് അഞ്ചിടത്തെ 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളായി വിറ്റതെന്നുമായിരുന്നു പരാതി.


