തൊടുപുഴ: തൊടുപുഴയില്‍ ക്രൂരമായ മര്‍ദനത്തിനരിയായ 7 വയസ്സുകാരന്റെ അച്ഛന് ബിജുവിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ് . ബിജുവിന്റെ അച്ഛന് മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണ് അന്വേഷണം . പ്രതി അരുണ്‍ ആനന്ദിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. പോസ്റ്റ്മോര്‍ട്ടം രേഖകള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ബിജുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണാതായെന്നാണ് യുവതിയുടെ മൊഴി. ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകള്‍ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നല്കിയ മൊഴി.
കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ ബിജുവും, അരുണും തമ്മില്‍ തിരുവനന്തപുരത്തെ ബിജുവിന്റെ വീട്ടില്‍ വച്ചു രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നു വീട്ടില്‍ കയറരുതെന്നു ബിജു, അരുണിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറയുന്നു. കോലഞ്ചേരിയിലെ ആശുപത്രിയിലുള്ള യുവതിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അക്രമം നടന്ന കിടപ്പുമുറയില്‍ താനും ഇളയ കുട്ടിയും ഉണ്ടായിരുന്നതായാണ് യുവതി മൊഴി നല്‍കിയിട്ടുള്ളത്. തടയാന്‍ ശ്രമിച്ച തന്നെയും അരുണ്‍ മര്‍ദിച്ചെന്നും, പിടിവലിക്കിടെ ഇളയ കുട്ടിക്ക് പരുക്കേറ്റിരിക്കാമെന്നുമാണ് മൊഴി. കുട്ടികളുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം യുവതിയെ ഭീഷണിപ്പെടുത്തി പ്രതി പിന്‍വലിപ്പിച്ചിരുന്നു.