Staff Reporter |
കൊച്ചി: വിവാഹബന്ധം വേര്പെടുത്താനെത്തിയവരെ കൂട്ടിയോജിപ്പിച്ച് വനിതദിനത്തില്‍ സ്റ്റേഷന് ഭരിച്ച വനിതപോലീസുകാര്‍ മാതൃകയായി. പെരുമ്പാവൂരിലെ പെണ്പൊലീസുകാരാണ് വനിതാദിനാഘോഷത്തില്‍ സംസ്ഥാന വനിത പൊലിസ് സേനയ്ക്ക് മാതൃകയായത്.
വനിതാദിനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനനിലും ഭരണം കയ്യാളിയത്് വനിതകള്‍ തന്നെ. ആലുവ പൊലീസ് വനിതാ സെല്ലിലെ ഉഷക്കായിരുന്നു പെരുമ്പാവൂരില്‍ സ്റ്റേഷനാഫീസരുടെ ചുമതല.ജിഡി ചാര്‍ജായി സജിതയും പാറാവുകാരിയായി അമ്മിണിയും ധന്യയും ഒപ്പമെത്തി. കോടതികാര്യങ്ങളുടെ ചുമതല പ്രീനക്കും.
രാവിലെ പെണ്‍സംഘം പണിതുടങ്ങുമ്പോള്‍ രാവിലെ തന്നെ എത്തി ആദ്യ പരാതി. വട്ടയ്ക്കാട്ടുപടി സ്വദേശിനി സൗമ്യയായിരുന്നു പരാതിക്കാരി. ഭര്‍ത്താവായ റോയ് മദ്യപിച്ച് സ്ഥിരമായി മര്‍ദ്ദിക്കുകയാണെന്നും അതിനാല്‍ വിവാഹബന്ധം തുടരാനാവില്ലെന്നും തനിക്ക് ബന്ധം വേര്‍പെടുത്തി തരണമെന്നും അപേക്ഷ. പരാതി സ്വീകരിച്ചതിന് ശേഷം വനിതാ എസ് ഐയും സംഘവും റോയിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കാര്യങ്ങള്‍ ചോദിച്ചറിയുകയും കണക്കിന് ഉപദേശിക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം സൗമ്യയേയും റോയിയെയും ഒരുമിച്ചിരുത്തി സംസാരിച്ചതോടെ പിരിയാനെത്തിയവരൊരുമിക്കുന്നതിലേക്കെത്തി കാര്യങ്ങള്‍.
ദാമ്പത്യജീവിതത്തിലെ അസാര്വസ്യങ്ങള് അനായാസം കൈകാര്യം ചെയ്ത് വനിത സംഘം പ്രശ്നപരിഹാരം നടത്തി പിരിയാനെത്തിയവരെ ഒരുമിച്ചാക്കി പറഞ്ഞയച്ചതോടെ വനിതാദിനത്തില്‍ പെണ്‍പൊലീസും ശ്രദ്ധേയരായി.പതിവുപോലെ തന്നെ തിരക്കുപിടിച്ച ജോലികളെല്ലാം ഇവിടുത്തെ വനിതാ പൊലീസുകാര്‍ വീഴ്ച്ചയില്ലാതെ ചെയ്തതോടെ മേലുദ്യോഗസ്ഥരുടെയും സഹപ്രവത്തകരുടെയും പ്രശംസയും പിടിച്ചു പറ്റി.
പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ പല കേസുകളും രമ്യതയില്‍ അവസാനിപ്പിക്കുന്ന നല്ല പ്രവണതകള്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു പൗലോസും എസ് ഐ ഫൈസലും തുടങ്ങി വച്ച മധ്യസ്ഥ പാതയില്‍ തന്നെയാണ് ഇന്നലെ പെരുമ്പാവൂരില്‍ വനിതകള്‍ ഭരണം നടത്തിയപ്പോഴും കേസുകള്‍ രമ്യതയിലാക്കി കൈകാര്യം ചെയ്തതും.